സിപിഎമ്മിന് അടിക്കാൻ വടി കൊടുത്ത് ശ്രീലേഖ, തലവേദന ബിജെപിക്ക്; അവസരം മുതലെടുക്കാൻ പാർട്ടി

Sunday 28 December 2025 3:47 PM IST

തിരുവനന്തപുരം: കോർപ്പറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വട്ടിയൂർകാവ് എംഎൽഎ വികെ പ്രശാന്തിന്റെ ഓഫീസ് ഒഴിയാൻ കൗൺസിലർ ആർ ശ്രീലേഖ ആവശ്യപ്പെട്ടത് ബിജെപി നേതൃത്വവുമായി ആലോചിക്കാതെയെന്ന് വിവരം. അധികാരമേറ്റ് രണ്ടാം ദിവസം തന്നെ ആർ ശ്രീലേഖ സ്വീകരിച്ച നിലപാട് ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്. വാടക നൽകി കോർപ്പറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസ് ഒഴിയാൻ ശ്രീലേഖ ആവശ്യപ്പെട്ട നീക്കം എങ്ങനെ പരിഹരിക്കുമെന്നറിയാതെ കുഴയുകയാണ് നേതൃത്വം.

ശ്രീലേഖയുടെ നീക്കത്തിനെതിരെ ശക്തമായാണ് സിപിഎം രംഗത്തെത്തിയത്. കോർപ്പറേഷന് വാടക നൽകുന്ന കെട്ടിടം ഒഴിപ്പിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കൗൺസിൽ യോഗമാണ്. അങ്ങനെയിരിക്കെ ശ്രീലേഖ എന്ത് അധികാരത്തിന്റെ പുറത്താണ് വികെ പ്രശാന്തിനോട് ആവശ്യപ്പെട്ടത് എന്നാണ് പ്രധാന ചോദ്യം. ഇതിന് മറുപടി പറയാൻ ബിജെപിക്കോ ശ്രീലേഖയ്‌ക്കോ കഴിയുന്നില്ല.

ഇതോടെയാണ് സൗഹൃദത്തിന്റെ പുറത്താണ് ഓഫീസ് ഒഴിയാൻ അഭ്യർത്ഥിച്ചതെന്ന് ശ്രീലേഖ പറയുന്നത്. വിവാദം പരിധിവിടുമെന്ന് തോന്നലിന്റെ പുറത്താണ് ശ്രീലേഖ പ്രശാന്തിനെ നേരിട്ട് കണ്ട് തണുപ്പിക്കാൻ ശ്രമം നടത്തിയത്. എന്നാൽ ഇതിന് മുമ്പ് തന്നെ സിപിഎം രാഷ്ട്രീയ വിവാദമായി വിഷയത്തെ ഉയർത്തി. പാർട്ടിയുമായി ആലോചിക്കാതെ ഇങ്ങനെ ഒരു ആവശ്യം മുന്നോട്ടുവച്ചതിൽ ശ്രീലേഖയ്‌ക്കെതിരെ ബിജെപി നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് വിവരം.