'മഞ്ഞ പെയ്യുന്ന മഴമരം' കാണാൻ ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ

Monday 29 December 2025 12:36 AM IST

ഫോർട്ട് കൊച്ചി: കൊച്ചിയിലെ പുതുവത്സരാഘോഷങ്ങളിൽ ശ്രദ്ധേയമായ കൂറ്റൻ ക്രിസ്മസ് ട്രീ കാണാനെത്തുന്നത് പതിനായിരങ്ങൾ. നൈറ്റസ് യുണൈറ്റഡ് ഫോർട്ട്‌കൊച്ചിയുടെ നേതൃത്വത്തിൽ നൂറോളം വരുന്ന യുവാക്കളുടെ കൂട്ടായ്മയാണ് ഏഷ്യയിലെ തന്നെ നാച്യൂറൽ ക്രിസ്മസ് ട്രീ എന്നറിയപ്പെടുന്ന ഈ മഴമരത്തെ ഇത്തവണ മഞ്ഞനിറത്തിൽ അണിയിച്ചൊരുക്കിയത്.

കഴിഞ്ഞ 26 വർഷമായി ഇവിടെ നാച്യുറൽ ട്രീ ഒരുക്കാൻ തുടങ്ങിയിട്ട്. ട്രീ കാണാനും പശ്ചാത്തലത്തിൽ ഫോട്ടോ എടുക്കുന്നതിനും ഫോർട്ട്‌കൊച്ചി വെളി മൈതാനിയിൽ വൻതിരക്കാണിപ്പോൾ. ബിനാലെ കാണാനെത്തുന്നവർ ക്രിസ്മസ് ട്രീ കൂടി കണ്ടതിന് ശേഷമാണ് മടക്കം.

ഫോർട്ട്‌കൊച്ചി വെളി മൈതാനിയിൽ ട്രീയുടെ സ്വിച്ച് ഓൺ കർമം ബിഷപ്പ് ആന്റണി കാട്ടിപ്പറമ്പിൽ നിർവഹിച്ചു. കെ.ജെ മാക്‌സി എം.എൽ.എ മുഖ്യാതിഥിയായി. പി.എസ് സനോജ് അദ്ധ്യക്ഷത വഹിച്ചു.സിനിമാ താരം സൗബിൻ സാഹിർ, കൗൺസിലർമാരായ പി.ജെ ദാസൻ, മഞ്ജുള അനിൽകുമാർ, ഷൈനി മാത്യൂ, മുൻ കൗൺസിലർ ബെന്നി ഫെർണാണ്ടസ്, ഫോർട്ട്‌കൊച്ചി പൊലീസ് ഇൻസ്‌പെക്ടർ എം.എസ് ഫൈസൽ, ടി.ആർ സ്വരാജ്, എം.ഇ ഗ്ലിന്റൻ തുടങ്ങിയവർ സംസാരിച്ചു. ജനുവരി 2 വരെ ട്രീ പ്രവർത്തിക്കും.

മരം നിറയെ നക്ഷത്രങ്ങളും ബൾബുകളും

പുതുവത്സരാഘോഷ സമയത്ത് സമൂഹ മാദ്ധ്യമങ്ങളിൽ ഹിറ്റാണ് ഈ മഴമരം. ഏകദേശം എട്ട് ലക്ഷം രൂപ ചിലവഴിച്ചാണ് ഈ ട്രീ ഒരുക്കിയത്. ട്രീ പ്രവർത്തിപ്പിക്കുന്നതിന് രണ്ട് ജനറേറ്ററുകളും സജ്ജമാണ്.

കളിമണ്ണ് കൊണ്ട് നിർമിച്ച 120 ബെല്ലുകൾ

200 ബൾബുകൾ

 1400 ഓളം നക്ഷത്രങ്ങൾ

 അമ്പതിനായിരം സീരീസ് ബൾബുകൾ