അടുത്ത വർഷം നേരിട്ടുള്ള വിദേശ നിക്ഷേപം റെക്കാഡ് ഉയരത്തിലെത്തും, ഇന്ത്യയിൽ സംഭവിക്കുന്ന മാറ്റം

Sunday 28 December 2025 5:43 PM IST

കൊച്ചി: സുസ്ഥിര സാമ്പത്തിക സൂചികകളും ആഗോള ഭീമന്മാരുടെ വമ്പൻ നിക്ഷേപ വാഗ്ദാനങ്ങളും കേന്ദ്ര സർക്കാരിന്റെ സംരംഭക സൗഹൃദ നടപടികളും ഇന്ത്യയിലെ വ്യവസായ മേഖലയിലേക്ക് വിദേശ പണമൊഴുക്കിന്റെ വേഗത വർദ്ധിപ്പിക്കുന്നു. അടുത്ത വർഷം നേരിട്ടുള്ള വിദേശ നിക്ഷേപം റെക്കാഡ് ഉയരത്തിലെത്തുമെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.

വിവിധ രാജ്യങ്ങളുമായി കേന്ദ്ര സർക്കാർ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറുകളും നിക്ഷേപ ഒഴുക്കിന് ആവേശമായി. കഴിഞ്ഞ ദിവസങ്ങളിൽ ഇൻഷ്വറൻസ് മേഖല ഉൾപ്പെടെയുള്ള മേഖലകളിലെ വിദേശ നിക്ഷേപ പരിധി ഉയർത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ഇതോടൊപ്പം തൊഴിൽ നിയമങ്ങളിൽ വരുത്തിയ വിപ്ളവകരമായ മാറ്റങ്ങളും വിദേശ കോർപ്പറേറ്റ് ഗ്രൂപ്പുകൾക്ക് ഇന്ത്യയിലെ നിക്ഷേപ താത്പര്യം ഉയർത്തുകയാണ്.

ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങൾക്കിടയിലും കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 8,050 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് ഇന്ത്യയിലെത്തിയത്. നടപ്പുവർഷം ആദ്യ ഒൻപത് മാസത്തിൽ 6,000 കോടി ഡോളറിന്റെ വിദേശ നിക്ഷേപവും വ്യാവസായിക മേഖലയിൽ ലഭിച്ചു. യൂറോപ്യൻ യൂണിയൻ, യു.എസ്.എ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്ന് വൻതോതിൽ വിദേശ നിക്ഷേപമാണ് ഇന്ത്യയിലേക്ക് ഒഴുകിയെത്തുന്നത്.

നിക്ഷേപ വാഗ്ദാന പെരുമഴ

നാല് രാജ്യങ്ങൾ അംഗങ്ങളായിട്ടുള്ള യൂറോപ്യൻ സ്വതന്ത്ര വ്യാപാര അസോസിയേഷനുമായി ഒപ്പുവച്ച കരാറനുസരിച്ച് അടുത്ത പതിനഞ്ച് വർഷത്തിനുള്ളിൽ 10,000 കോടി ഡോളറിന്റെ നിക്ഷേപമാണ് വാഗ്ദാനം. ഒക്ടോബർ ഒന്നിന് കരാർ നിലവിൽ വന്നതിന് തൊട്ടുപിന്നാലെ സ്വിറ്റ്സർലൻഡിലെ പ്രമുഖ ആരോഗ്യ പരിപാലന സ്ഥാപനമായ റൊച്ചെ ഫാർമ്മ 150 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചു. ന്യൂസിലൻഡുമായി ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറനുസരിച്ച് 2,000 കോടി ഡോളറിന്റെ നിക്ഷേപമാണ് എത്തുന്നത്.

പ്രധാന നിക്ഷേപ പ്രഖ്യാപനങ്ങൾ

മൈക്രോസോഫ്‌റ്റ് : 1,750 കോടി ഡോളർ

ആമസോൺ: 3,500 കോടി ഡോളർ

ഗൂഗിൾ : 1,500 കോടി ഡോളർ