'എംഎൽഎ ഓഫീസ് ഒഴിയാൻ പറയാൻ ശ്രീലേഖയ്ക്ക് എന്താണ് അധികാരം'; മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: കോർപ്പറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വികെ പ്രശാന്ത് എംഎൽഎയുടെ ഓഫീസ് ഒഴിപ്പിക്കൽ വിവാദത്തിൽ ആർ ശ്രീലേഖയെ രൂക്ഷമായി വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി. എംഎൽഎ ഓഫീസ് ഒഴിയാൻ പറയാൻ ശ്രീലേഖയ്ക്ക് എന്ത് അധികാരമാണ് ഉള്ളതെന്ന് ശിവൻകുട്ടി ചോദിച്ചു. ഒരു കൗൺസിലർക്ക് അത് പറയാൻ അവകാശമില്ല. അധികാരമേറ്റ് മൂന്ന് ദിവസമായപ്പോൾ ഗുജറാത്ത്, യുപി മോഡൽ, നടപ്പിലാക്കാനാണ് ശ്രമം. ധിക്കാരവും അഹങ്കാരവും വകവച്ചുകൊടുക്കില്ല. ഡിജിപി വിചാരിച്ചാൽ പോലും എംഎൽഎ ഓഫീസ് ഒഴിപ്പിക്കാൻ കഴിയില്ല. പിന്നെയാണോ കൗൺസിലറെന്നം അദ്ദേഹം വിമർശിച്ചു.
'ശ്രീലേഖയുടെ നടപടി ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. ഏഴ് വർഷമായി വട്ടിയൂർക്കാവിലെ ആയിരക്കണക്കിന് സാധാരണക്കാർക്ക് ആശ്രയമായ ഒരു ഓഫീസിന്റെ പ്രവർത്തനത്തെ തടസപ്പെടുത്താൻ ശ്രമിക്കുന്നത് രാഷ്ട്രീയ പകപോക്കലല്ലാതെ മറ്റൊന്നുമല്ല. ജനപ്രതിനിധിയുടെ ഓഫീസ് എന്നത് കേവലം ഒരു കെട്ടിടമല്ല. അത് ജനങ്ങൾക്ക് സേവനം ലഭിക്കാനുള്ള ഇടമാണ്. കോർപ്പറേഷൻ നിശ്ചയിച്ച വാടക കൃത്യമായി നൽകി, നിയമപരമായി പ്രവർത്തിക്കുന്ന ഒരു ഓഫീസിന് എതിരെയുള്ള നീക്കം സാമാന്യ മര്യാദകളുടെ ലംഘനമാണ്. ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകേണ്ടത് നഗരസഭാ സെക്രട്ടറിയാണ് വ്യക്തിവിരോധം തീർക്കാൻ കൗൺസിലർ നേരിട്ട് ഇറങ്ങുന്നതല്ല കീഴ്വഴക്കമെന്നും ശിവൻകുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു.
കോർപ്പറേഷൻ കെട്ടിടത്തിലുള്ള കൗൺസിലറുടെ ഓഫീസിൽ ആവശ്യത്തിന് സൗകര്യമില്ലാത്തതിനാൽ ഇതിനോട് ചേർന്നുള്ള എംഎൽഎ ഓഫീസ് ഒഴിഞ്ഞുകൊടുക്കണമെന്നാണ് കൗൺസിലർ ശ്രീലേഖ വികെ പ്രശാന്തിനോട് ആവശ്യപ്പെട്ടത്. സംഭവം വിവാദമായതോടെ വികെ പ്രശാന്തുമായുള്ള തന്റെ സൗഹൃദത്തിന്റെ പുറത്താണ് ഇത്തരത്തിലൊരു ആവശ്യം പറഞ്ഞതെന്ന് ശ്രീലേഖ മാദ്ധ്യമങ്ങളോട് വിശദീകരണം നടത്തി.