ആഴ്സനൽ 'ബ്രൈറ്റാ'ണ് !

Monday 29 December 2025 3:44 AM IST

ബ്രൈറ്റണെ തോൽപ്പിച്ച് ആഴ്സനൽ പ്രിമിയർ ലീഗിൽ വീണ്ടും ഒന്നാമത്

ലണ്ടൻ : കഴിഞ്ഞദിവസം അൽപ്പനേരത്തേക്ക് മുന്നിലെത്തിയ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് ആഴ്സനൽ വീണ്ടും ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ ഒന്നാം സ്ഥാനത്തേക്കെത്തി. ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് ബ്രൈറ്റൺ ആൻഡ് ഹോവിനെ തോൽപ്പിച്ചാണ് ആഴ്സനൽ ഒന്നാമതേക്ക് തിരിച്ചെത്തിയത്.

സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ മാർട്ടിൻ ഒഡേഗാർഡിലൂടെ 14-ാം മിനിട്ടിൽ ആഴ്സനൽ മുന്നിലെത്തിയിരുന്നു. 52-ാം മിനിട്ടിൽ ബ്രൈറ്റൺ താരം ജോർജീനിയോ റുട്ടറിന്റെ സെൽഫ് ഗോളിലൂടെ ആഴ്നസൽ ലീഡുയർത്തി. 64-ാം മിനിട്ടിൽ ഡീഗോ ഗോമസാണ് ബ്രൈറ്റന്റെ ആശ്വാസ ഗോൾ നേടിയത്.

ഈ വിജയത്തോടെ ആഴ്സനലിന് 18 കളികളിൽ നിന്ന് 42 പോയിന്റായി. 18 കളികളിൽ നിന്ന് 40 പോയിന്റുമായാണ് മാഞ്ചസ്റ്റർ സിറ്റി രണ്ടാമതുള്ളത്. 39 പോയിന്റുള്ള ആസ്റ്റൺ വില്ല മൂന്നാമതുണ്ട്. കഴിഞ്ഞദിവസം ചെൽസിയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് തോൽപ്പിച്ചാണ് ആസ്റ്റൺ വില്ല മൂന്നാമതെത്തിയത്. മറ്റൊരു മത്സരത്തിൽ ലിവർപൂൾ ഇതേ മാർജിനിൽ വോൾവർ ഹാംപ്ടണിനെ ലിവർപൂൾ തോൽപ്പിച്ചു. 32 പോയിന്റുമായി ലിവർപൂൾ നാലാമതാണ്.