തിരുവനന്തപുരത്ത് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; രണ്ടുപേർ മരിച്ചു,​ രണ്ടുപേരുടെ നില ഗുരുതരം

Sunday 28 December 2025 7:53 PM IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം കടയ്ക്കാവൂർ- വക്കം റോഡിൽ ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്. രണ്ട് ഇരുചക്രവഹാനങ്ങളും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിൽ ഉണ്ടായിരുന്നവർ തെറിച്ചു വീണു. രണ്ടു ഇരുചക്രവാഹനങ്ങളിലായി നാലുപേരാണ് ഉണ്ടായിരുന്നത്. ഇവരെ ആദ്യം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. രണ്ടുപേരെ രക്ഷിക്കാനായില്ല. മറ്റ് രണ്ടുപേരെ ചിറയിൻകീഴിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മരിച്ചവരുടെ പേര് വിവരങ്ങൾ ഉൾപ്പെടെയുള്ളവ ലഭിച്ചിട്ടില്ല.