ഗൗതം ഗംഭീറിന്റെ കസേര തെറിക്കുമായിരുന്നു, രക്ഷപ്പെട്ടത് സൂപ്പര്‍താരം ഓഫര്‍ നിരസിച്ചതോടെ

Sunday 28 December 2025 8:12 PM IST

മുംബയ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനെ സ്ഥാനത്ത് നിന്ന് മാറ്റാന്‍ ബിസിസിഐ ആലോചിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ പകരക്കാരനായി നിശ്ചയിച്ച മുന്‍ സൂപ്പര്‍താരം ഓഫര്‍ നിരസിച്ചതാണ് ഗംഭീറിന് തുണയായത്. 2027 ഏകദിന ലോകകപ്പ് വരെയാണ് ഗൗതം ഗംഭീറിനെ ഇന്ത്യന്‍ പുരുഷ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചിരിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫി, ഏഷ്യ കപ്പ് എന്നീ കിരീടങ്ങള്‍ നേടിക്കൊടുക്കാന്‍ ഗംഭീറിന് കഴിഞ്ഞിരുന്നു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം തുടരുമ്പോഴും ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ നാള്‍ക്കുനാള്‍ മോശമാകുകയാണ്.

നാട്ടില്‍ ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവരാല്‍ ഗംഭീറിന് കീഴില്‍ ഇന്ത്യ വൈറ്റ് വാഷ് ചെയ്യപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കഴിഞ്ഞ മാസം നടന്ന ടെസ്റ്റ് പരമ്പര 2-0ന് കൈവിട്ടതോടെയാണ് ഗംഭീറിനെ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് നീക്കാന്‍ ബിസിസിഐ ആലോചിച്ചത്. ഗംഭീറിന് പകരമായി ടെസ്റ്റ് ടീമിന്റെ ചുമതല മുന്‍ താരം വിവിഎസ് ലക്ഷ്മണിനെ ഏല്‍പ്പിക്കാനായിരുന്നു ബിസിസിഐയുടെ നീക്കം. എന്നാല്‍ ഓഫര്‍ ലക്ഷ്മണ്‍ നിരസിച്ചതോടെയാണ് ഗംഭീര്‍ താത്കാലികമായി രക്ഷപ്പെട്ടത്.

എന്നാല്‍ ഭാരിച്ച ചുമതല ഏറ്റെടുക്കാന്‍ മടിച്ച ലക്ഷ്മണ്‍, നിലവിലുള്ള ജോലിയില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ ബംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ ഡയറക്ടറാണ് ലക്ഷ്മണ്‍. ടെസ്റ്റ് ടീം കോച്ചാകാന്‍ ബിസിസിഐ നല്‍കിയ ഓഫര്‍ ലക്ഷ്മണ്‍ തള്ളിക്കളയുകയായിരുന്നു. അതേസമയം, ചില ദേശീയ മാദ്ധ്യമങ്ങളിലും വാര്‍ത്താ ഏജന്‍സികളിലും വന്ന റിപ്പോര്‍ട്ടിനെ ബിസിസിഐ ഉന്നതന്‍ തള്ളിക്കളഞ്ഞു. ഗംഭീറിനെ നീക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ആലോചനയും നടന്നില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്.