സംസ്ഥാനത്ത് വെളിച്ചെണ്ണ, തേങ്ങ വില കുറയുന്നു

Monday 29 December 2025 1:12 AM IST
coconut oil

പാലക്കാട്: ഒരു വർഷത്തോളം നീണ്ട തീ വിലയ്ക്കു ശേഷം ജനങ്ങൾക്ക് ആശ്വാസമായി സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുത്തനെ കുറയുന്നു. ലിറ്ററിന് 350 രൂപയാണ് നിലവിലെ വെളിച്ചെണ്ണ വില. തേങ്ങവില കുറഞ്ഞതിനു പിന്നാലെയാണ് വെളിച്ചെണ്ണ വിലയും കുറഞ്ഞത്. കഴിഞ്ഞ ജൂലായിൽ ലിറ്ററിന് 530 രൂപ വരെയുണ്ടായിരുന്ന വെളിച്ചെണ്ണയ്ക്ക് ഓണക്കാലത്തും 500 രൂപയോളം വില ഉണ്ടായിരുന്നു. അതിനു ശേഷം നേരിയ തോതിൽ വില കുറഞ്ഞെങ്കിലും കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിലാണ് വില കുത്തനെ താഴ്ന്നു തുടങ്ങിയത്. നവംബറിൽ 400 രൂപയായിരുന്നു ഒരു ലിറ്റർ വെളിച്ചെണ്ണയുടെ വില. അതിനു ശേഷം വൻ തോതിൽ തേങ്ങ വിളവെടുപ്പ് നടന്നതാണ് ഇപ്പോഴത്തെ വിലയിടിവിനു പ്രധാന കാരണമെന്ന് വ്യാപാരികൾ പറയുന്നു. വെളിച്ചെണ്ണ വില അധികം വൈകാതെ ലിറ്റിന് 300 രൂപയിൽ താഴെയാകുമെന്നും ഇവർ പറയുന്നു. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ തേങ്ങ ഉത്പാദനം വർദ്ധിച്ചതും ഇറക്കുമതി കൊപ്ര ധാരാളം മാർക്കറ്റിൽ എത്തിയതുമാണ് വെളിച്ചെണ്ണ വില കുത്തനെ കുറയാൻ കാരണമായത്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ കൊപ്ര മാർക്കറ്റിൽ കൂടുതലായി എത്തുന്നതോടെ വില ഇനിയും കുറയാൻ സാദ്ധ്യതയുണ്ട്. തേങ്ങയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ചില്ലറ വില 80 രൂപയ്ക്കു മുകളിൽ വരെയെത്തിയ തേങ്ങയ്ക്കിപ്പോൾ 53-60 രൂപയായിട്ടുണ്ട്. മൊത്തവിലയും ഓരോ ദിവസവും കുറഞ്ഞു കൊണ്ടിരിക്കുകയാണ്. നാളികേര കർഷകർ പൊതുവിപണിയിൽ വിൽക്കുന്ന തേങ്ങയ്ക്ക് മാസങ്ങൾക്ക് മുമ്പ് 60-65 രൂപ വരെ ലഭിച്ചിരുന്നു. ഇപ്പോഴിത് 45-50 രൂപയായി കുറഞ്ഞിട്ടുണ്ട്. വൻതോതിൽ പച്ചത്തേങ്ങ എത്തുന്നതിനാൽ മൊത്തവില ഇനിയും വിലയിടിയുമെന്നു മലഞ്ചരക്ക് വ്യാപാരികൾ പറയുന്നു.