വാളയാറിൽ വാണിജ്യ നികുതി കെട്ടിടങ്ങൾ നശിക്കുന്നു
വാളയാർ: വാണിജ്യ നികുതി ചെക്‌പോസ്റ്റ് കെട്ടിടങ്ങൾ നശിക്കുന്നു. ഏക്കർ കണക്കിന് സ്ഥലം പാഴ് പറമ്പായി കിടക്കുന്നു. വാണിജ്യ നികുതി വകുപ്പിന്റേതായി കുറെ കെട്ടിടങ്ങളും വിശാലമായ സ്ഥലങ്ങളും വാളയാറിലുണ്ട്. വാണിജ്യ നികുതി ചെക് പോസ്റ്റുകൾ പ്രവർത്തനം നിറുത്തിയിട്ട് വർഷങ്ങളായെങ്കിലും ഈ സ്ഥലം കൈമാറുകയോ മറ്റെന്തെങ്കിലും കാര്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. വാളയാറിലെ വാണിജ്യനികുതി ചെക്‌പോസ്റ്റുകൾക്ക് ഒരു സുവർണ്ണകാലം ഉണ്ടായിരുന്നു. കോടികളുടെ നികുതി വരുമാനം ഉണ്ടായിരുന്ന കാലം. നികുതി വെട്ടിപ്പ് തടയാൻ വലിയ സന്നാഹം തന്നെയുണ്ടായിരുന്നു. തോമസ് ഐസക് ധനകാര്യ മന്ത്രിയായിരുന്ന കാലത്ത് പല തവണ ഇവിടെ സന്ദർശിക്കുകയും വിവിധ പരിഷ്‌കാരങ്ങൾ നടപ്പാക്കുകയും ചെയ്തിരുന്നു. രാജ്യത്തെ പത്ത് വലിയ ചെക്ക് പോസ്റ്റുകളിൽ ഒന്നായിരുന്നു വാളയാറിലേത്. 2017 ജൂലായിൽ ജി.എസ്.ടി വന്നതോടെയാണ് ഘട്ടം ഘട്ടമായി ചെക്‌പോസ്റ്റുകൾ ഇല്ലാതായത്. വാണിജ്യ നികുതി ചെക് പോസ്റ്റിന് പുറമെ വിൽപ്പന നികുതി ചെക് പോസ്റ്റും ഇല്ലാതായി. വാളയാർ ടൗണിനടുത്ത് ദേശീയ പാതക്ക് വലത് വശത്തായി ഏകദേശം മൂന്നര ഏക്കറോളം സ്ഥലമാണ് വെറുതെ കിടക്കുന്നത്. ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച റോഡുകളും കെട്ടിടങ്ങളും ഇവിടെയുണ്ട്. ദേശീയ പാതയുടെ ഇടത് വശത്തായി ഇടിഞ്ഞ് പൊളിഞ്ഞ് ഭാർഗവി നിലയം പോലെ കിടക്കുന്ന മറ്റൊരു കെട്ടിടം കൂടിയുണ്ട്. ഇതിനോടനുബന്ധിച്ച് ഒരേക്കറോളം സ്ഥലമുണ്ട്. ഈ സ്ഥലങ്ങളും കെട്ടിടം മറ്റേതെങ്കിലും വകുപ്പിന് കൈമാറിയാൽ സ്ഥലവും കെട്ടിടങ്ങളും വെറുതെ കിടന്ന് നശിക്കുന്ന സാഹചര്യം ഒഴിവാക്കാനാവും. പക്ഷെ വാണിജ്യ നികുതി വകുപ്പ് ഇതിന് തയ്യാറാകുന്നില്ല. വാളയാറിൽ ബസ് സ്റ്റാൻഡ് തുടങ്ങാൻ പദ്ധതി തയ്യാറാക്കിയിട്ടും പുതശ്ശേരി ഗ്രാമ പഞ്ചായത്തിന് അത് യാഥാർത്ഥ്യമാക്കാൻ കഴിയാതെ പോയത് സ്ഥലം ലഭ്യമല്ലാത്തത് കൊണ്ടാണ്. വാളയാറിൽ പച്ചക്കറി മാർക്കറ്റ് തുടങ്ങാൻ കഴിയാത്തതും സ്ഥലം കിട്ടാത്തത് കൊണ്ടാണ്. വാണിജ്യ നികുതി വകുപ്പിന്റെ കീഴിലുള്ള സ്ഥലവും കെട്ടിടങ്ങളും പഞ്ചായത്തിന് കൈമാറിയാൽ വാളയാർ ബസ് സ്റ്റാൻഡ്, വാളയാർ മാർക്കറ്റ് എന്നിവ യാഥാർത്ഥ്യമാക്കാനാകുമെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.