പുല്ലൂർ പെരിയയിൽ അനുനയ നീക്കം ഫലം കണ്ടു യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി മത്സരിക്കും
കാസർകോട്: പുല്ലൂർ–പെരിയ പഞ്ചായത്തിലെ കോൺഗ്രസിനുള്ളിലെ സ്ഥാനാർത്ഥി തർക്കം പരിഹരിച്ചതിനെ തു ർന്ന് യു.ഡി.എഫിന്റെ ഔദ്യോഗിക പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഉഷ എൻ. നായരെ മത്സരിപ്പിക്കാൻ തീരുമാനമായി. വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി അഡ്വ. ബാബുരാജും മത്സരിക്കും. യു.ഡി.എഫിലെ ഒമ്പത് അംഗങ്ങളും വോട്ടെടുപ്പിൽ പങ്കെടുക്കും. കെ.പി.സി.സി നിർദ്ദേശപ്രകാരം ജനറൽ സെക്രട്ടറി സജീവ് ജോസഫെത്തി ഇന്നലെ രാവിലെ മുതൽ ഇരുവിഭാഗവുമായി നടത്തിയ ചർച്ചയിലാണ് പ്രശ്നത്തിന് പരിഹാരം കണ്ടത്.
യു.ഡി.എഫ് അംഗങ്ങളും ബി.ജെ.പിയുടെ ഏക അംഗവും വിട്ടുനിന്നതു കാരണം ക്വാറം തികയാതെ വന്നതിനാൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ച പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്തിലെ നാടകീയ സംഭവവികാസങ്ങൾ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവയ്ക്കുകയും രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി കോൺഗ്രസ് നേതാക്കളെ പരസ്യമായി കുറ്റപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് കെ.പി.സി.സി പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ടത്.
ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ, ജനറൽ സെക്രട്ടറി എം.സി പ്രഭാകരൻ, ബാലകൃഷ്ണൻ പെരിയ, അഡ്വ. ബാബുരാജ്, രാജൻ പെരിയ തുടങ്ങിയ നേതാക്കളെല്ലാം പെരിയയിൽ ഉണ്ടായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷമായതിനു പിന്നാലെയാണ് യു.ഡി.എഫ് അംഗങ്ങളും ഒപ്പം ബി.ജെ.പി അംഗവും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നത്. പെരിയ ഇരട്ടക്കൊലയ്ക്ക് ശേഷം യു.ഡി.എഫ് തിരിച്ചുപിടിച്ച പഞ്ചായത്തിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ഒമ്പത് വീതവും ബി.ജെ.പിക്ക് ഒരു അംഗവുമാണുള്ളത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് എൽ.ഡി.എഫിന്റെ ഒമ്പത് അംഗങ്ങളും ഹാജരായെങ്കിലും യു.ഡി.എഫ് അംഗങ്ങളും ബി.ജെ.പി അംഗം എ. സന്തോഷ് കുമാറും വിട്ടുനിന്നു.
തർക്കം പ്രസിഡന്റ് സ്ഥാനാർത്ഥിയെ ചൊല്ലി
കോൺഗ്രസ് കോർ കമ്മിറ്റിയും ഡി.സി.സിയും പെരിയയിൽ നിന്നുള്ള ഉഷ എൻ. നായരെയാണ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി തീരുമാനിച്ചിരുന്നത്. എം.കെ ബാബുരാജിനെ വൈസ് പ്രസിഡന്റായും നിശ്ചയിച്ചിരുന്നു. വിപ്പും നൽകി. എന്നാൽ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ കാർത്യായനിയെ പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
നാല് കോൺഗ്രസ് മെമ്പർമാർ അതിനൊപ്പം നിന്നതോടെയാണ് തർക്കം തുടങ്ങിയത്. കോൺഗ്രസിലെ തർക്കം തീരാത്തതിനാൽ യു.ഡി.എഫിലെ ആരും പങ്കെടുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
അതിനിടെ പുല്ലൂർ പെരിയയിൽ ഭരണം നിലനിർത്താൻ നേതാക്കളിൽ ചിലർ ബി.ജെ.പിയുമായി ചർച്ച നടത്തിയെന്ന പ്രചാരണവും ഉണ്ടായി. കോൺഗ്രസ് - ബി ജെ പി അന്തർധാര ഉണ്ടായെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ തന്നെ പരസ്യമായി പറയുകയും ചെയ്തതോടെ വിവാദം കനത്തു.