അടഞ്ഞുകിടന്ന വീടിന് തീ പിടിച്ചു
Monday 29 December 2025 1:01 AM IST
കൊച്ചി: ചക്കരപ്പറമ്പിൽ അടഞ്ഞുകിടക്കുന്ന വീടിന് രാത്രി തീപിടിച്ചു. അയൽവാസികളുടെ സമയോചിത ഇടപെടൽ വലിയ ദുരന്തം ഒഴിവാക്കി. ചക്കരപ്പറമ്പ് ശാന്തിനഗർ സെന്റ് ജോർജ് പള്ളിക്ക് സമീപത്തെ ഓടുമേഞ്ഞ വീടിനാണ് ശനിയാഴ്ച രാത്രി 11.30 ഓടെ തീപിടിച്ചത്. വർഷങ്ങളായി കാനഡയിൽ താമസിക്കുന്ന മാർഗരറ്റിന്റെ ഉടമസ്ഥതയിലുള്ള വീടാണിത്. ഈ വീടിനോട് ചേർന്ന് മാർഗരറ്റിന്റെ ബന്ധു സോണിയും കുടുംബവും താമസിക്കുന്ന മറ്റൊരു വീടുണ്ടെങ്കിലും ഉറക്കമായതിനാൽ തീ പടർന്നത് അറിഞ്ഞില്ല.
മുന്നിലെ മുറിയിൽ നിന്ന് തീയും പുകയും ഉയരുന്നതു കണ്ട പരിസരവാസികളാണ് സോണിയെ അറിയിച്ചത്. മേൽക്കൂരയിലേക്ക് പടർന്നപ്പോഴേക്കും ഗാന്ധിനഗർ ഫയർഫോഴ്സ് സ്ഥലത്ത് എത്തി. അരമണിക്കൂർ ശ്രമിച്ചാണ് കെടുത്തിയത്. ഫ്രിഡ്ജും സോഫയും ഉൾപ്പെടെ നശിച്ചു.