കളഞ്ഞു കിട്ടിയ നാലായിരം രൂപ ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി വിദ്യാർത്ഥികൾ
മരട്: നെട്ടൂരിൽ വഴിയിൽ നിന്ന് കളഞ്ഞുകിട്ടിയ നാലായിരം രൂപ ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി വിദ്യാർഥികൾ. നെട്ടൂർ സ്വദേശികളായ താഹിർ, അൽത്താഫ്, ദേവനാരായൺ, ഷിറാസ് എന്നിവരാണ് സത്യസന്ധതയുടെ നേർമാതൃകകളായത്.
ശനിയാഴ്ച ഉച്ചയ്ക്കാണ് തെക്കേപാട്ടു പുരയ്ക്കൽ ക്ഷേത്രത്തിന് സമീപത്ത് നിന്ന് കുട്ടികൾക്ക് പണം ലഭിച്ചത്. കിട്ടിയ ഉടനെ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കാമെന്ന് കുട്ടികൾ തീരുമാനിക്കുകയായിരുന്നു. ക്ഷേത്രത്തിൽ പോയി വരികയായിരുന്ന സുമംഗലയാണ് പണം നഷ്ടപ്പെട്ട് ദു:ഖത്തോടെ നിൽക്കുന്ന മരക്കാറിനെ കണ്ടത്. തുടർന്ന് അദ്ദേഹം പോയ വഴിയിൽ അന്വേഷിച്ചെങ്കിലും കിട്ടിയില്ല. പ്രദേശത്തുള്ള ആളുകളോട് വിവരം പറഞ്ഞപ്പോഴാണ് കുട്ടികൾക്ക് പണം ലഭിച്ചെന്നും അവർ പൊലീസ് സ്‌റ്റേഷനിലേക്ക് പോയിട്ടുണ്ടെന്നും മനസിലായത്.
പനങ്ങാട് പൊലീസ് സ്റ്റേഷനിൽ വിളിച്ചപ്പോൾ കുട്ടികൾ വിളിച്ചതായും എത്തിയിട്ടില്ലെന്നും സ്റ്റേഷനിലേക്ക് വരാനും പൊലീസ് പറഞ്ഞു. സുമംഗലയും മരക്കാറും എത്തി അൽപ സമയത്തിനകം പണവുമായി കുട്ടികളും സ്റ്റേഷനിൽ എത്തി. മരക്കാറിന് ഇവിടെ വച്ച് കുട്ടികൾ പണം കൈമാറി. കുട്ടികളുടെയും സുമംഗലയുടെയും നൻമ നിറഞ്ഞ ഇടപെടലിനെ പൊലീസ് അഭിനന്ദിച്ചു.