ബാറ്റിംഗ് വിരുന്നൊരുക്കി സ്മൃതിയും ഷഫാലിയും; തിരുവനന്തപുരത്ത് വീണ്ടും ഇന്ത്യന്‍ വിജയഗാഥ

Sunday 28 December 2025 10:28 PM IST

തിരുവനന്തപുരം: ശ്രീലങ്കയ്‌ക്കെതിരായ നാലാം ട്വന്റി 20 മത്സരത്തിലും ഇന്ത്യക്ക് വിജയം. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 30 റണ്‍സിനാണ് ഇന്ത്യന്‍ വനിതകള്‍ വിജയിച്ച് കയറിയത്. ഇന്ത്യ ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കയ്ക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. പരമ്പരയിലെ അവസാന മത്സരം ചൊവ്വാഴ്ച ഇതേ വേദിയില്‍ നടക്കും.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഹാസിനി പെരേര 33(20), ക്യാപ്റ്റന്‍ ചമാരി അട്ടപ്പട്ടു 52(37) എന്നിവര്‍ നല്‍കിയത്. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെട്ടത് ലങ്കന്‍ ചേസിന്റെ താളം തെറ്റിച്ചു. ഇമേഷ ദുലാനി 29(28), ഹര്‍ഷിത സമരവിക്രമ 20(13), കവീഷ ദില്‍ഹരി 13(8), രഷ്മിക സീവന്തി 5(4) എന്നിങ്ങനെയാണ് പുറത്തായ ബാറ്റര്‍മാരുടെ സംഭാവന. കൗഷനി നുത്യാങ്കണ 5*(2), നിലാക്ഷി സില്‍വ 23*(11) എന്നിവര്‍ പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി അരുന്ധതി റെഡ്ഡി, വൈഷ്ണവി ശര്‍മ്മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ശ്രീ ചരണി ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ഓപ്പണര്‍മാരായ സ്മൃതി മന്ദാന 80(48) - ഷഫാലി വര്‍മ്മ 79(46) എന്നിവര്‍ ഒന്നാം വിക്കറ്റില്‍ 162 റണ്‍സ് ആണ് കൂട്ടിച്ചേര്‍ത്തത്. ഷഫാലി 12 ബൗണ്ടറിയും ഒരു സിക്‌സറും പറത്തിയപ്പോള്‍ സ്മൃതിയുടെ ബാറ്റില്‍ നിന്ന് 11 ബൗണ്ടറികളും മൂന്ന് സിക്‌സും പിറന്നു. അതിനിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് എന്ന നാഴികകല്ലും ഇന്ത്യന്‍ ഓപ്പണര്‍ പിന്നിട്ടു.വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് 40*(16), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 16*(10) എന്നിവര്‍ പുറത്താകാതെ നിന്നു.