നിർമിതബുദ്ധിയിൽ ഡാൻസിംഗ് ഗേൾ

Monday 29 December 2025 1:26 AM IST

കൊച്ചി: മൊഹൻജൊദാരോയിൽ നിന്ന് കണ്ടെടുത്ത പ്രസിദ്ധമായ 'ഡാൻസിംഗ് ഗേൾ’(നർത്തകി) വെങ്കല പ്രതിമയെ ആസ്പദമാക്കി കൊച്ചി ബിനാലെയിൽ പ്രദർശിപ്പിക്കുന്ന കലാപ്രതിഷ്ഠ ശ്രദ്ധേയമാകുന്നു. നർത്തകനും കൊറിയോഗ്രാഫറുമായ മന്ദീപ് റെയ്ഖിയാണ് 'ഹാലൂസിനേഷൻസ് ഒഫ് ആൻ ആർട്ടെഫാക്ട് ’എന്ന കലാപ്രതിഷ്ഠ അവതരിപ്പിക്കുന്നത്. നിർമിത ബുദ്ധി ഉപയോഗിച്ച് 4500 വർഷം പഴക്കമുള്ള പുരാവസ്തുവിന് ജീവൻ നൽകിക്കൊണ്ടാണ് അദ്ദേഹം കാണികളെ പുതിയ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. നിഖിൽ ചോപ്രയും ഗോവയിലെ എച്ച്.എച്ച് ആർട്ട് സ്പേസസും ചേർന്ന് ക്യൂറേറ്റ് ചെയ്ത കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിൽ മട്ടാഞ്ചേരി ബസാർ റോഡിലെ എസ്.എം.എസ് ഹാളിലാണ് ഈ വേറിട്ട കാഴ്ച ഒരുക്കിയിരിക്കുന്നത്.