അധികാര രാഷ്ട്രീയത്തിൽ നിന്ന് അകന്നു നിന്ന നേതാവ്
വൈപ്പിൻ: എക്കാലത്തും അധികാര രാഷ്ട്രീയത്തിൽ നിന്ന് അകന്നു നിന്ന നേതാവായിരുന്നു ഇന്നലെ നിര്യാതനായ കെ.എം. സുധാകരൻ. സി.പി.എം സംസ്ഥാന കമ്മിറ്റിഅംഗമായി 35 വർഷം പ്രവർത്തിച്ചിട്ടും ഒരു തിരഞ്ഞെടുപ്പിലും മത്സരിച്ചില്ല. ട്രേഡ് യൂണിയൻ രംഗം മാത്രമായിരുന്നു കർമ്മമേഖല. കെ.എം.എസ് എന്നറിയപ്പെട്ട സുധാകരൻ പാർട്ടി ഭാരവാഹിത്വത്തിന് പുറമേ വഹിച്ച ഏക പദവി കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനമാണ്. കേരളത്തിലെ ചെത്ത്, കള്ളുഷാപ്പ്, ചുമട്ടു തൊഴിലാളികളെ സംഘടിപ്പിക്കാൻ പതിറ്റാണ്ടുകൾ പ്രവർത്തിച്ചപ്പോഴും കെ.എം.എസ് മദ്യം തൊടാത്ത മദ്യവിരുദ്ധനായ നേതാവായിരുന്നു.
സംസ്ഥാനത്തെ ആദ്യ ക്ഷേമനിധി ബോർഡായ കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആശയവും കെ.എം.എസിന്റേതായിരുന്നു.
18-ാം വയസിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായ അദ്ദേഹം 1964ൽ പാർട്ടി പിളർന്നപ്പോൾ സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയുമായി. കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി, സംസ്ഥാന ട്രഷറർ, സി.ഐ.ടി.യു സംസ്ഥാന ട്രഷറർ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. തൊഴിലാളികളുടെ താത്പര്യം മാത്രമായിരുന്നു എക്കാലത്തും മുഖ്യം. തൊഴിൽ നിയമങ്ങളിലെ പാണ്ഡിത്യമായിരുന്നു പ്രത്യേകത. അനാരോഗ്യത്താൽ വിശ്രമത്തിലാകും വരെ പൂർണമായും പാർട്ടി രംഗത്ത് ഉണ്ടായിരുന്നു.
ദാരിദ്ര്യം മൂലം പഠിക്കാനാവാതെയാണ് സമർത്ഥനായ കെ.എം.എസ് ചെത്തുതൊഴിലാളിയായത്. അഖില വൈപ്പിൻ ചെത്തുതൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്ന കാലത്ത് ജില്ലയിൽ 110 ദിവസം നീണ്ടുനിന്ന ചെത്തു തൊഴിലാളി പണിമുടക്ക് നടന്നു. കുടികിടപ്പ് സമരവും ട്രാൻസ്‌പോർട്ട് സമരവും നയിച്ചു.
കെ.എം. സുധാകരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും അനുശോചിച്ചു.