ലഹരി ഒഴുകുന്നു ‘സ്മാൾ ക്വാണ്ടിറ്റി’യിൽ

Monday 29 December 2025 1:35 AM IST

കൊച്ചി: പുതുവത്സരം അടുക്കുന്നതോടെ കൊച്ചി നഗരത്തിന്റെ വിവിധഭാഗങ്ങളിൽ ലഹരിമരുന്ന് വിതരണം വ്യാപകം. എന്നിട്ടും ലഹരിയുമായി അറസ്റ്റിലാകുന്ന പ്രതികൾ പൊലീസ് സ്റ്റേഷനിൽ നിന്ന് കൈയും വീശി ഇറങ്ങിപ്പോകുന്ന സ്ഥിതി. കണ്ടെടുക്കുന്ന ലഹരിവസ്തു ‘സ്മാൾ| ക്വാണ്ടിറ്റി’യിൽപ്പെട്ടാൽ സ്റ്റേഷൻ ജാമ്യം അനുവദിക്കും. നിയമത്തിലെ ഈ പഴുത് ലഹരിസംഘങ്ങൾ മുതലെടുക്കുന്നു.

ശനിയാഴ്ച രാത്രി നടത്തിയ സ്പെഷ്യൽ കോമ്പിംഗിൽ പാലാരിവട്ടം ജംഗ്ഷന് സമീപത്ത് നിന്ന് 0.35 ഗ്രാം ബ്രൗൺഷുഗറുമായി അസാം നോഗാൽ സ്വദേശി റൂബൈൽ അഹമ്മദിനെ (29) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇടപ്പള്ളി ഭാഗത്ത് മയക്കുമരുന്ന് നൽകി തമ്മനത്തെ താമസസ്ഥലത്തേക്ക് മടങ്ങുംവഴിയാണ് പാലാരിവട്ടം എസ്.ഐ ഹരിശങ്കറിന്റെ നേതൃത്വത്തിൽ ഇയാളെ പിടികൂടിയത്. സ്കൂട്ടറിൽ കറങ്ങിനടന്നാണ് വിതരണം.

പിടിയിലായാൽ പെട്ടെന്ന് ജാമ്യം കിട്ടാൻ വേണ്ടിയാണ് റൂബൈൽ അഹമ്മദ് കുറഞ്ഞയളവ് ബ്രൗൺഷുഗർ കരുതിയത്. സിഗററ്റ് കൂടിനുള്ളിൽ നാല് ചെറിയ ഡപ്പകളിലായിട്ടാണ് പോക്കറ്റിനുള്ളിൽ ഇവ ഒളിപ്പിച്ചത്. മയക്കുമരുന്ന് വിതരണത്തിലൂടെ കിട്ടിയ 75000 രൂപയും കൈവശമുണ്ടായിരുന്നു. ഇടപ്പള്ളി സ്വദേശിയാണ് മയക്കുമരുന്ന് നൽകിയതെന്നാണ് ഇയാളുടെ മൊഴി. പ്രതി സഞ്ചരിച്ച സ്കൂട്ടർ ഒരു സ്ത്രീയുടെ പേരിലുള്ളതാണ്.

ഇയാൾ മയക്കുമരുന്ന വിതരണ സംഘത്തിലെ അംഗമാണെന്ന് വ്യക്തമായിട്ടും പിടിച്ചെടുത്ത ലഹരി അഞ്ച് ഗ്രാമിൽ താഴെയായതിനാൽ ജാമ്യംഅനുവദിക്കേണ്ടി വന്നു. റൂബൈൽ അഹമ്മദിന്റെ സുഹൃത്തുക്കളെ 18 ഗ്രാം എം.ഡി.എം.എയുമായി മാസങ്ങൾക്ക് മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശനിയാഴ്ച രാത്രിയും ഞായർ പുലർച്ചെയുമായി നടത്തിയ റെയ്ഡിൽ പിടികൂടിയ ലഹരിക്കേസുകളിലേറെയും സ്റ്റേഷൻ ജാമ്യം നൽകുന്ന അളവിലുള്ള ലഹരിയായിരുന്നുവെന്ന് സിറ്റി നാർക്കോട്ടിക്സ് എ.സി.പി അറിയിച്ചു.

രാസലഹരിയിൽ മുങ്ങി

പുതുവത്സരാഘോഷം കൊഴുപ്പിക്കാൻ കൊച്ചിയിൽ ഏറ്റവും കൂടുതൽ എത്തുന്നതും എം.ഡി.എം.എയാണ്. ഡാൻസാഫ് പിടികൂടുന്ന മയക്കുമരുന്ന് കേസുകളിൽ 80 ശതമാനവും രാസലഹരിയാണ്. ബംഗളൂരുവിൽ നിന്നാണ് എം.ഡി.എം.എ കടത്തിക്കൊണ്ടുവരുന്നത്. കഴിഞ്ഞ ഒരു മാസമായി ട്രെയിൻ വഴിയുള്ള കഞ്ചാവ് കടത്തും വർദ്ധിച്ചിട്ടുണ്ട്. സ്ഥിരം ലഹരികടത്തുകാരെ കേന്ദ്രീകരിച്ച് ഡാൻസാഫ് നിരീക്ഷണം ശക്തമാക്കി.

ബ്രൗൺഷുഗർ‌, എം.ഡി.എം.എ, ഹാഷിഷ് ഓയിൽ, ഹെറോയിൻ എന്നിവയാണ് കൊച്ചിയിലേക്ക് ഒഴുകുന്നത്.

അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ ലഹരിവിതരണത്തിൽ സജീവം.