ലിജിഷ രക്ഷപ്പെടുത്തിയ ‘അജ്ഞാത' യാത്രക്കാരനെ തേടി സോഷ്യൽമീഡിയ
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ സി.സി ടിവി നിരീക്ഷണച്ചുമതല ഉണ്ടായിരുന്ന ആർ.പി.എഫ് വനിതാ കോൺസ്റ്റബിൾ യാദൃശ്ചികമായി പ്ലാറ്റ്ഫോം ഡ്യൂട്ടിക്ക് എത്തിയപ്പോൾ രക്ഷപ്പെട്ടത് ഒരു യാത്രക്കാരന്റെ ജീവൻ. നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ പിടിവിട്ട് പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽപ്പെട്ട യാത്രക്കാരനെയാണ് ലിജിഷ രക്ഷപ്പെടുത്തിയത്. സംഭവം നടന്ന് രണ്ടു ദിവസം കഴിഞ്ഞിട്ടും ആ യാത്രക്കാരൻ ആരാണെന്നത് സസ്പെൻസായി തുടരുന്നു.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്റെ കിഴക്കേപ്രവേശന കവാടത്തിലെ ആറാം നമ്പർ പ്ലാറ്റ്ഫോമിൽ ശനിയാഴ്ച രാവിലെ 6.05നായിരുന്നു സംഭവം. എറണാകുളം- കൊല്ലം മെമു ട്രെയിനിൽ നീങ്ങിത്തുടങ്ങിയപ്പോഴാണ് ബാഗും കൈയിൽ തൂക്കി മധ്യവയസ്കനായ യാത്രക്കാരൻ ഓടിയെത്തിയത്. പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്ന ആർ.പി.എഫ് കോൺസ്റ്റബിൾ എൻ.ലിജിഷ കയറരുതെന്ന് വിലക്കിയെങ്കിലും യാത്രക്കാരൻ കമ്പിയിൽ പിടിച്ചു കയറാൻ ശ്രമിച്ചു. ഇതിനിടെയാണ് പിടിവിട്ട് പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീണു. ഓടിയെത്തിയ ലിജിഷ തോളിലും ദേഹത്തും പിടിച്ചു യാത്രക്കാരനെ സുരക്ഷിതമായി പ്ലാറ്റ്ഫോമിലേക്ക് വലിച്ചു കയറ്റി. ഇതിനിടെ ട്രെയിൻ നിർത്തുകയും ചെയ്തു. അപകടത്തിൽപ്പെട്ടയാൾ ഇതേ ട്രെയിനിൽ കയറി നിമിഷങ്ങൾക്കകം യാത്ര തുടർന്നു. ഇതിനിടെ യാത്രക്കാരൻ ആരാണെന്ന് ചോദിച്ചറിയാൻ സാധിച്ചില്ല. സി.സി ടിവി ദൃശ്യങ്ങളിൽ ഇയാളുടെ മുഖം വ്യക്തമല്ല. സമൂഹമാദ്ധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ പ്രചരിച്ചപ്പോഴും ആൾക്കാർ തിരക്കിയത് ആരാണ് ഈ യാത്രക്കാരൻ എന്നായിരുന്നു.
‘എല്ലാം ഒരു നിമിത്തം’ -ലിജിഷ
ഒരു നിമിത്തം പോലെയാണ് ആറാം നമ്പർ പ്ലാറ്റ്ഫോമിൽ ഡ്യൂട്ടിക്കെത്തിയതെന്ന് ആർ.പി.എഫ് കോൺസ്റ്റബിൾ ലിജിഷ. സംഭവം നടക്കുമ്പോൾ പ്ലാറ്റ്ഫോമിനോട് ചേർന്നുള്ള സൗത്ത് ആർ.പി.എഫ് സ്റ്റേഷനിൽ സി.സി ടിവി നിരീക്ഷണച്ചുമതലയായിരുന്നു. മെമു ഉൾപ്പെടെ മൂന്ന് ട്രെയിനുകളാണ് ഒരേ സമയം പുറപ്പെടുന്നത്. സഹപ്രവർത്തകർ മറ്റ് പ്ലാറ്റ്ഫോമുകളിലായതിനാലാണ് മെമു പുറപ്പെട്ടപ്പോൾ ഓഫീസിലെ നിരീക്ഷണ മുറിയിൽ നിന്ന് ആറാം നമ്പർ പ്ലാറ്റ്ഫോമിൽ ഇറങ്ങിയത്, മെമു നീങ്ങിത്തുടങ്ങിയ ഉടൻ ഒരു കുടുംബം ഓടിവരുന്നത് കണ്ട് ട്രെയിൻ നിർത്തി. ഇവരെ കയറ്റി വീണ്ടും നീങ്ങിത്തുടങ്ങുന്നതിനിടെയാണ് യാത്രക്കാരൻ ഓടിയെത്തി ചാടിക്കയറാൻ ശ്രമിച്ചതും അപകടത്തിൽപ്പെട്ടതും.