മകരവിളക്ക് ഉത്സവത്തിന് ശബരിമല നട നാളെ തുറക്കും

Monday 29 December 2025 1:39 AM IST

ശബരിമല: മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട നാളെ വൈകിട്ട് 5ന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. മേൽശാന്തി പതിനെട്ടാംപടിയിറങ്ങി തിരുമുറ്റത്തെ ആഴിയിൽ അഗ്നി പകരും. ഇതിനുശേഷം തീർത്ഥാടകരെ പതിനെട്ടാംപടി കയറാൻ അനുവദിക്കും.

മാളികപ്പുറം ക്ഷേത്രനട, മേൽശാന്തി എം.ജി മനു നമ്പൂതിരിയും തുറക്കും. നാളെ പ്രത്യേക പൂജകളില്ല. 31ന് പുലർച്ചെ മൂന്നിന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും. തുടർന്ന് കിഴക്കേ മണ്ഡപത്തിൽ ഗണപതി ഹോമം. നെയ്യഭിഷേകം, അഷ്ടാഭിഷേകം, ഉഷ:പൂജ, കലശാഭിഷേകം, കളഭാഭിഷേകം, ഉച്ചപൂജ എന്നിവ പൂർത്തിയാക്കി ഉച്ചയ്ക്ക് ഒന്നിന് നടയടയ്ക്കും. വൈകിട്ട് 3ന് നട തുറക്കും. 6.30ന് ദീപാരാധനയ്ക്കു ശേഷം പുഷ്പാഭിഷേകം ആരംഭിക്കും. രാത്രി 11ന് നടയടയ്ക്കും.

ജനുവരി 12ന് പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടും. രാജപ്രതിനിധി പന്തളം വലിയകോയിക്കൽ സ്രാമ്പിക്കൽ കൊട്ടാരത്തിലെ നാരായണ വർമ്മ പല്ലക്കിൽ ഘോഷയാത്രയെ അനുഗമിക്കും. 14നാണ് മകരവിളക്ക്. അന്ന് വൈകിട്ട് 5നാണ് നടതുറക്കുന്നത്. തുടർന്ന് സംക്രമ സന്ധ്യയിൽ തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന, മകരവിളക്ക് ദർശനം, മണിമണ്ഡപത്തിൽനിന്ന് പതിനെട്ടാംപടിയിലേക്കുള്ള എഴുന്നെള്ളത്ത്.

18വരെ നെയ്യഭിഷേകം നടത്താം. 19വരെ തീർത്ഥാടകർക്ക് ദർശനത്തിന് സൗകര്യമുണ്ട്. 19ന് രാത്രി ഹരിവരാസനം പാടിയശേഷം മാളികപ്പുറത്ത് വലിയഗുരുതി നടക്കും. 20ന് രാവിലെ പന്തളം രാജപ്രതിനിധി ദർശനം നടത്തും. ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കിയശേഷം നട അടയ്ക്കും. തുടർന്ന് തിരുവാഭരണ പേടകങ്ങളുമായി മടക്കയാത്ര ആരംഭിക്കും.