ജില്ലാ പഞ്ചായത്ത് ഭരണസമിതിക്ക് വെല്ലുവിളിയായി പൂർത്തിയാകാത്ത പദ്ധതികൾ, കടക്കണം കടമ്പകൾ
പത്തനംതിട്ട : യു.ഡി.എഫ് നേതൃത്വത്തിലുള്ള പുതിയ ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ മുന്നിലുള്ള ആദ്യ കടമ്പ കഴിഞ്ഞ എൽ.ഡി.എഫ് ഭണസമിതി പൂർത്തിയാക്കാതെ പോയ പദ്ധതികളാണ്. ജില്ലയിലെ തെരുവുനായ ശല്യം പരിഹരിക്കുന്നത് പുളിക്കീഴിൽ നിർമ്മാണം ആരംഭിച്ച എ.ബി.സി പദ്ധതി പൂർത്തിയാക്കാനായില്ല. കൊടുമൺ റൈസ് മിൽ പ്രവർത്തനം തുടങ്ങി ആറ് മാസം മാത്രമാണ് പ്രവർത്തിച്ചത്.
ജില്ലയുടെ സമഗ്ര വികസനത്തിനുള്ള പദ്ധതികൾ കൂട്ടായി ചർച്ച ചെയ്തു തീരുമാനിക്കുമെന്നാണ് ഭരണമേറ്റെടുത്തുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി പറഞ്ഞത്. വിദ്യാഭ്യാസ മേഖലയിലെ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനാണ് ആദ്യ ഉൗന്നൽ നൽകുകയെന്നും പ്രസിഡന്റ് വ്യക്തമാക്കി.
കൊടുമൺ റൈസ് മിൽ
കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതി ഏറ്റവും കൂടുതൽ വിമർശനം നേരിട്ട പദ്ധതികളിലൊന്നാണ് കൊടുമൺ റൈസ് മിൽ. സംസ്ഥാന സർക്കാർ ചെലവിൽ സ്ഥാപിച്ച മില്ലിന്റെ പ്രവർത്തനം ആറുമാസത്തിൽ കൂടുതൽ നീണ്ടില്ല. വാട്ടർ ടാങ്ക്, ജലശുദ്ധീകരണ പ്ളാന്റ്, കുഴൽ കിണർ നിർമാണം തുടങ്ങിയവ ബാക്കിയായിരുന്നു. തിരഞ്ഞെടുപ്പിൽ ഭരണ പരാജയങ്ങളിൽ ഒന്നായി യു.ഡി.എഫ് ഉയർത്തിക്കാട്ടിയ പദ്ധതിയായിരുന്നു റൈസ് മിൽ. പുതിയ ഭരണസമിതി മില്ലിന്റെ പ്രവർത്തനം പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. മില്ലിന്റെ പ്രവർത്തന ചുമതലയുള്ള കൊടുമൺ ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ഭാരവാഹിയാണ് കൊടുമൺ ഡിവിഷനിൽ നിന്ന് സി.പി.എം സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിച്ച എ.എൻ.സലിം.
ചെലവ് : 1.50 കോടി
ഉദ്ഘാടനം ചെയ്തത് 2024 ജനുവരി 15
24 മണിക്കൂറിൽ 2 ടൺ നെല്ല് കുത്താം
എ.ബി.സി പദ്ധതി
ജില്ലയിലെ തെരുവുനായ ശല്യത്തിന് പരിഹാരം കണ്ടെത്താൻ പുളിക്കീഴിൽ നിർമ്മിക്കുന്ന എ.ബി.സി കേന്ദ്രം പൂർത്തിയാക്കാൻ കഴിഞ്ഞ ഭരണസമിതിക്ക് കഴിഞ്ഞില്ല. തെരുവുനായകളെ പിടികൂടി വന്ധ്യംകരണം നടത്തി അവയുടെ എണ്ണം നിയന്ത്രിക്കുന്നതിനും പേവിഷബാധ ഉന്മൂലനം ചെയ്യുന്നതിനും ലോകാരോഗ്യ സംഘടന വികസിപ്പിച്ചെടുത്ത പദ്ധതിയാണ് തെരുവുനായ പ്രജനന നിയന്ത്രണം (എ.ബി.സി). ഇതിനുള്ള ജില്ലയിലെ ഏകകേന്ദ്രമാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. 3 വർഷത്തോളം പദ്ധതി നടത്തിയിരുന്ന കെട്ടിടം പൊളിച്ചുനീക്കിയാണ് പുതിയ കെട്ടിടം പണിയുന്നത്.
ചെലവ് : 1. 50 കോടി
................................................................
വിദ്യാഭ്യാസ മേഖലയിൽ ജില്ലയുടെ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണാൻ തുടങ്ങി വച്ച ഉണർവ് പദ്ധതി വിജയം കണ്ടില്ല. പന്തളത്തെ കരിമ്പ് ഉൽപ്പാദനവും പ്രതിസന്ധിയിലാണ്. ജില്ലയിലെ മാലിന്യ സംഭരണത്തിനുള്ള എം.സി.എഫുകൾ നിറഞ്ഞു കിടക്കുന്നു.