അസൗകര്യങ്ങൾ പഴങ്കഥയാവും അടിമുടി മാറും ജില്ലാ ജയിൽ

Monday 29 December 2025 12:45 AM IST
കോഴിക്കോട് ജില്ലാ ജയിൽ

മാസ്റ്റർ പ്ലാൻ ഉടൻ

ജില്ലയിൽ കൂടുതൽ ജയിലുകൾ

കോഴിക്കോട്: അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന കോഴിക്കോട് ജില്ലാ ജയിൽ ഇനി അടിമുടി മാറും. ബ്രിട്ടീഷ് കാലത്ത് നിർമ്മിച്ച കെട്ടിടം പൊളിച്ച് പുതുക്കി പണിയുന്നതിനും മറ്റ് നിർമ്മാണ പ്രവൃത്തികൾ നടത്തുന്നതിനുമുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്ന നടപടികൾ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചു. പുരുഷൻമാർക്കും സ്ത്രീകൾക്കും കൂടുതൽ സെല്ലുകളും ശുചിമുറികളും മറ്റ് സൗകര്യങ്ങളും ഉൾപ്പെടെയുള്ള മാസ്റ്റർ പ്ലാനാണ് തയ്യാറാക്കുക. പദ്ധതിയുടെ ആദ്യഘട്ടമായി പി.ഡബ്ല്യു.ഡി സർവേ പൂർത്തിയാക്കി. റിപ്പോർട്ട് സമപ്പിക്കുന്ന മുറയ്ക്ക് ഏതെല്ലാം കെട്ടിടങ്ങൾ എങ്ങനെയെല്ലാം നവീകരിക്കണമെന്ന് തീരുമാനിക്കും. 6.96 എക്കറിലുള്ള ജില്ലാ ജയിലിലെ പല സെല്ലുകളും കാലപ്പഴക്കത്താൽ ചോർന്നൊലിക്കുന്ന സ്ഥിതിയാണ്. കോൺക്രീറ്റ് പാളികൾ അടർന്നു വീഴുന്നതും പതിവാണ്. സെല്ലുകളുടെ ഇരുമ്പ് കമ്പികളെല്ലാം തുരുമ്പെടുത്ത് തുടങ്ങി. സുരക്ഷാസംവിധാനങ്ങൾ കുറവായതിനാൽ തടവുകാർക്ക് രക്ഷപ്പെടാൻ വഴികളുമേറെയാണ്. ഇരുമ്പ് കമ്പികൾ മുറിച്ചും ശുചിമുറിയുടെ ജനൽ തകർത്തും തടവുപുള്ളികൾ രക്ഷപ്പെടുന്ന സംഭവങ്ങൾ നിരവധി. ജയിലിലേക്ക് പ്രവേശിക്കുന്ന വാതിലുകളും ദുർബലമാണ്. ആവശ്യത്തിന് സെല്ലുകളില്ലാത്തതിനാൽ ഉൾക്കൊള്ളാവുന്നതിന്റെ ഇരട്ടിയിലധികം തടവുകാരാണ് ഇവിടെയുള്ളത്. 225 പേരെ പാർപ്പിക്കാൻ കഴിയുന്ന ജില്ലാ ജയിലിൽ പലപ്പോഴും 300ലധികം പേരുണ്ടാകും. പല സെല്ലുകളിലും അഞ്ചും ആറും പേരെയാണ് പാർപ്പിക്കുന്നത്.

 വനിതാ സെൽ അടുത്തയാഴ്ച തുറക്കും

ജില്ലാ ജയിലിലെ വനിതാ സെല്ലിന്റെ ചുറ്റുമതിൽ നിർമ്മാണം പൂർത്തിയാക്കി. വനിതാ തടവുകാരെ അടുത്തയാഴ്ച മുതൽ ഇവിടേക്ക് മാറ്റും.

നിർമ്മാണ വേളയിൽ കൊലപാതകക്കേസിലെ ജോളിയടക്കമുള്ള തടവുകാരെ പാലക്കാട്, കണ്ണൂർ, മഞ്ചേരി, മാനന്തവാടി ജയിലുകളിലേക്ക് മാറ്റിയിരുന്നു. മതിൽ വീഴാൻ സാദ്ധ്യതയുണ്ടെന്ന്‌ ചൂണ്ടിക്കാട്ടി പൊതുമരാമത്ത്‌ വകുപ്പ്‌ റിപ്പോർട്ട്‌ നൽകിയതിന്‌ പിന്നാലെയാണ് നിർമ്മാണം ആരംഭിച്ചത്. ബലക്ഷയത്തെത്തുടർന്ന് വനിതാ സെല്ലിനടുത്തുള്ള മതിലിന്റെ കമ്പിയും സിമന്റും ഇളകി അപകടാവസ്ഥയിലായിരുന്നു

വരും കൂടുതൽ ജയിലുകൾ

ജയിലുകളിൽ തടവുപുള്ളികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ താമരശ്ശേരി പുതുപ്പാടിയിലും വടകര നടുക്കുതാഴെ പുതുപ്പണം ദേശത്ത് റൂറൽ ജയിലും സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇരുസ്ഥലങ്ങളിലും പുതിയ ജയിൽ വേണമെന്നുള്ള ആവശ്യം സർക്കാർ അംഗീകരിച്ചിട്ടുണ്ട്.

ജില്ലാ ജയിൽ

സ്ഥാപിച്ചത്.......1861ൽ

ഉൾക്കൊള്ളിക്കാവുന്ന തടവുകാർ....................... 225(പു) .....30 (സ്ത്രി)...................297

സെല്ലുകൾ........19

ബാരക്ക്..............18

''ജയിൽ പുതുക്കി പണിയുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി സ‌വേ പൂർത്തീകരിച്ചു. മറ്റ് പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും''- അഖിൽ രാജ് കെ.പി, ജില്ലാ ജയിൽ സൂപ്രണ്ട്