(കഥയും കാഴ്ചയും) അന്നവിചാരം മുന്നവിചാരം പിമ്പേ വരുന്നത് രോഗവിചാരം

Monday 29 December 2025 12:52 AM IST

കഴിഞ്ഞ ദിവസമാണ്. രണ്ടുപെൺകുട്ടികൾ പത്തനംതിട്ടയിലെ ഒരു ഹോട്ടലിലേക്കുള്ള വഴി ചോദിച്ചു. ഹോട്ടലിലെ ഏതോ പുതിയ ഭക്ഷണത്തെക്കുറിച്ച് സമൂഹമാദ്ധ്യമത്തിൽ കണ്ട് അതുകഴിക്കാൻ തൊടുപുഴയിൽ നിന്ന് വരികയാണവർ. പുതിയ ആഹാരങ്ങൾക്കുവേണ്ടി ദുരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവരാണ് പുതിയ തലമുറ. കുട്ടികൾ മാത്രമല്ല. മുതിർന്നവരും അങ്ങനെയാണ്. അവരുടെയും ആഹാരശീലങ്ങൾ മാറി.

കഞ്ഞിയും ഉപ്പും മുളകുചുട്ടതുമുണ്ടെങ്കിൽ സ്വർഗമാണെന്ന് കരുതിയ കാലത്തെ ഇന്നവർ പുച്ഛത്തോടെ നോക്കുന്നു. പണംകൊണ്ടുവന്ന മാറ്റമാണ്. കഞ്ഞികുടിക്കാനുള്ള നെല്ല് കിളിർക്കുന്ന പാടങ്ങളാണ് നമ്മൾ ആദ്യം ഉപേക്ഷിച്ചത്. പാടമൊരുക്കി വിത്തെറിഞ്ഞ് ആറ്റുനോറ്റ് വിളവെടുത്ത് പത്തായത്തിൽ നിറച്ച കാലത്തെ നെടുവീർപ്പോടെ ഓർത്ത് പഴയപാടങ്ങൾ തരിശുകിടക്കുന്നു. നൂറുമേനി വിളഞ്ഞ പലപാടങ്ങളും മണ്ണിട്ടു നികത്തി കെട്ടിടങ്ങൾ കെട്ടിപ്പൊക്കി. ആന്ധ്രയിൽ നിന്ന് അരി വരുമെന്നിരിക്കെ ആർക്കുവേണം നെൽപാടമെന്ന മട്ടായി . പഞ്ഞകാലമായ കർക്കടകത്തിലും കഞ്ഞികുടിക്കാൻ നെല്ല് പത്തായത്തിൽ സൂക്ഷിച്ചിരുന്നവർ പത്തായങ്ങൾക്ക് പകരം ഇന്ന് ആഹാരം സൂക്ഷിക്കുന്നത് പാഴ്സലിലാണ്. നടാനും കൊയ്യാനും മെതിക്കാനും പുഴുങ്ങാനും കുത്താനും നെല്ലിനെപ്പോലെ ബുദ്ധിമുട്ടേണ്ട പാഴ്സൽ പത്തായത്തിന്. പണമുണ്ടെങ്കിൽ പാഴ്സൽ റെഡി. കറങ്ങിത്തിരിയുന്നതിനിടയിൽ ഹോട്ടലിൽ നിന്ന് വാങ്ങാം. കറങ്ങാതെ വീട്ടിലിരിക്കുകയാണെങ്കിൽ മൊബൈൽ ഫോണിൽ കുത്തിയാൽ മതി. പാഴ്സൽ പത്തായം വീട്ടിലെത്തും.

പണ്ട് ഇറച്ചി എന്ന സവിശേഷമായ വിഭവം വീട്ടിലെ അപൂർവ ഇനമായിരുന്നു. കോഴിയിറച്ചി വീട്ടിൽ വയ്ക്കുന്നത് കുട്ടികൾക്ക് ഉത്സവമായിരുന്നു. അടുക്കളയിൽ വേവുന്ന ഇറച്ചിയുടെ മണം ആസ്വദിച്ചും ഇപ്പോൾ കിട്ടുമെന്ന് ആശ്വസിച്ചും കൊതിയൂറി നടന്ന പഴയ കുട്ടികൾ ഇന്ന് വൃദ്ധരായി. അവരുടെ നാട്ടിൽ മുക്കിന് മുക്കിന് ഇപ്പോൾ ഇറച്ചിക്കോഴിക്കടകളുണ്ട്. മലയാളിയുടെ ഇറച്ചിക്കൊതിക്ക് വേണ്ടി ഒരു ദിവസം ആയിരക്കണക്കിന് കോഴികൾ ആ കടകളിൽ രക്തസാക്ഷികളാകുന്നു. പലതരം മത്സ്യങ്ങൾ നിരത്തിവച്ചിരിക്കുന്ന മീൻകടകൾ വഴിയോരങ്ങളിൽ നിറഞ്ഞു. ഇറച്ചിയും മീനും വാങ്ങാൻ നിവൃത്തിയില്ലാത്ത പാവങ്ങളുടെ കാലം എന്നേ കഴിഞ്ഞു. ഇവയൊക്കെ ഇന്ന് നമ്മുടെ നിത്യഭക്ഷണമാണ്, കുഴിമന്തി,​ അൽഫാം എന്നിങ്ങനെ വിദേശവിഭവങ്ങൾ വേറെ. നിത്യാഭ്യാസി ആനയെ എടുക്കുമെന്ന് പറയുംപോലെ ഈ നിത്യഭക്ഷണത്തിലൂടെ നമ്മൾ ആനയ്ക്കെടുപ്പത് രോഗങ്ങളെയും ഏറ്റെടുക്കുന്നു.

പണമുണ്ടെങ്കിൽ പാഴ്സൽ റെഡി. കറങ്ങിത്തിരിയുന്നതിനിടയിൽ ഹോട്ടലിൽ നിന്ന് വാങ്ങാം. കറങ്ങാതെ വീട്ടിലിരിക്കുകയാണെങ്കിൽ മൊബൈൽ ഫോണിൽ കുത്തിയാൽ മതി. പാഴ്സൽ പത്തായം വീട്ടിലെത്തും.