സെൻട്രൽ സ്‌കൂൾ കായികമേളയ്ക്ക് ഇന്ന് ആരംഭം

Monday 29 December 2025 1:57 AM IST

കൊച്ചി: സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ സംഘടിപ്പിക്കുന്ന അഞ്ചാമത് സംസ്ഥാന സെൻട്രൽ സ്‌കൂൾ കായികമേള ഇന്നും നാളെയും എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കും. 14 ജില്ലകളിലെ മത്സര വിജയികളായ 1,800 വിദ്യാർത്ഥികൾ 66 ഇനങ്ങളിലായി മത്സരിക്കും. അണ്ടർ 19, 17, 14 വിഭാഗങ്ങളിലാണ് മത്സരങ്ങൾ.

രാവിലെ 9.30ന് സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ പതാക ഉയർത്തും. വൈകിട്ട് നാലിന് കായികവകുപ്പ് മന്ത്രി വി. അബ്ദു റഹിമാൻ ഉദ്ഘാടനം നിർവഹിക്കും. വ്യവസായ, നിയമ വകുപ്പ് മന്ത്രി പി. രാജീവ് മുഖ്യാതിഥിയാകും.

ടി.ജെ. വിനോദ് എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. നാഷണൽ കൗൺസിൽ സിബിഎസ്ഇ സ്‌കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ ആമുഖപ്രഭാഷണം നടത്തും. സ്‌പോർട്സ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് യു. ഷറഫലി, വൈസ് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, ഭവൻസ് കൊച്ചി കേന്ദ്ര പ്രസിഡന്റ് ഇ. രാമൻകുട്ടി വാര്യർ എന്നിവർ സംസാരിക്കും.

രാവിലെ എട്ട് മുതൽ മത്സരങ്ങൾ ആരംഭിക്കും. സംസ്ഥാന സർക്കാരിന്റെ അംഗീകാരമുള്ള കേന്ദ്ര സിലബസ് സ്‌കൂളുകളുടെ ഏക കായികമേളയാണ് കേരള സെൻട്രൽ സ്‌കൂൾ സ്‌പോർട്‌സ് മീറ്റ്. അംഗീകൃത സി.ബി.എസ്.ഇ സ്‌കൂളുകളുടെ സംഘടനയായ കൗൺസിൽ സി.ബി.എസ്.ഇ സ്‌കൂൾ കേരളയാണ് ആതിഥ്യം വഹിക്കുന്നത്.

നാളെ വൈകിട്ട് 3.30ന് നടക്കുന്ന സമാപന ചടങ്ങ് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. മേയർ വി.കെ. മിനിമോൾ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്‌ടർ ജി. പ്രിയങ്ക, സുചിത്ര ഷൈജിന്ത്, മേഴ്സിക്കുട്ടൻ, ജോർജ് തോമസ് തുടങ്ങിയവർ സംസാരിക്കും.