എറണാകുളം ജനറൽ ആശുപത്രി നേട്ടങ്ങൾ തുടരും

Monday 29 December 2025 1:58 AM IST

കൊച്ചി: ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയ രാജ്യത്തെ ആദ്യത്തെ ജനറൽ ആശുപത്രി എന്ന ഖ്യാതിയുള്ള എറണാകുളം ജനറൽ ആശുപത്രി പുതിയ നേട്ടങ്ങളിലേക്ക്. ക്യാൻസർ സെന്റർ, രാജ്യത്തെ ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റ്, പൊള്ളൽ ചികിത്സയ്ക്കായുള്ള ബേൺസ് ഐ.സി.യു തുടങ്ങിയ സംവിധാനങ്ങളിലൂടെ രാജ്യത്തെ മികച്ച ആതുരാലയമായി മാറിയ ഇവിടെ ബേൺസ് ഐ.സി.യു വിപുലീകരിക്കാനുള്ള നടപടികൾ ആരംഭിച്ചു. രാജ്യത്ത് ആദ്യമായി വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ജനറൽ ആശുപത്രിയും ഇതാണ്. രണ്ടുപേർകൂടി ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി ഇവിടെ കാത്തിരിക്കുന്നുണ്ട്.

പ്രതിദിനം 200ലേറെപ്പേർക്ക് ഡയാലിസിസ്

56 ഡയാലിസിസ് മെഷീനുകളിലായി പ്രതിദിനം 200ലേറെപ്പേർക്ക് ഡയാലിസിസ് സൗകര്യം ലഭ്യമാണ്. കോടികൾ മുടക്കി സജ്ജമാക്കിയ ഡയാലിസിസ് ബ്ലോക്കിൽ മൂന്ന് ഷിഫ്റ്റുകളിലായാണ് പ്രവർത്തനം.

 25കോടിരൂപ ചെലവിൽ നിർമ്മിച്ച ക്യാൻസർ ബ്ലോക്ക്

ക്യാൻസർ വി​ഭാഗത്തി​ൽ പ്രതിദിനം 300രോഗികൾ ചി​കി​ത്സയ്ക്ക് എത്തുന്നുണ്ട്. 120റേഡിയേഷനുകളും പ്രതിമാസം 800കീമോതെറാപ്പികളും നടക്കുന്നു. ഹിസ്റ്റോപതോളജി, ട്യൂമർ മാർക്കേഴ്‌സ്, പാപ്‌സ്‌മിയർ ടെസ്റ്റ്, എഫ്.എൻ.എ.സി, എഫ്.എൻ.എ.ബി തുടങ്ങിയ പരിശോധനാ സംവിധാനങ്ങളുമുണ്ട്.

74 കോടിയുടെ ഐ.പി ബ്ലോക്ക്

ആറ് ഓപ്പറേഷൻ തിയേറ്ററുകളോടെ 74കോടിരൂപ ചെലവിൽ നിർമ്മിച്ച സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് പുറമേ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 74കോടി രൂപയുടെ പുതിയ ഐ.പി ബ്ലോക്കിന്റെ നിർമ്മാണവും ആരംഭിച്ചു. എട്ടുനിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിന് ഓരോനിലയിലും 16,000 ചതുരശ്രഅടി വിസ്തീർണമുണ്ടാകും. ആകെ 700 കിടക്കകളാണ് ഇവിടെ സജ്ജമാക്കുന്നത്.

മറ്റ് നേട്ടങ്ങൾ

 32 കിടക്കകളുള്ള മെഡിക്കൽ ഐ.സി.യുവും 22 കിടക്കകളുള്ള ഐ.സി.യുവും ആഴ്ചയിൽ ആറ് കാർഡിയോ തൊറാസിക് ശസ്ത്രക്രിയകൾ രണ്ട് കാത്ത് ലാബുകളിലായി 24 മണിക്കൂറും സേവനം; പ്രതിദിനം 30വരെ ആൻജിയോപ്ലാസ്റ്റി പ്രതിമാസം 10-15 ന്യൂറോ ശസ്ത്രക്രിയകൾ കുട്ടികളുടെ ശസ്ത്രക്രിയാവിഭാഗം  സ്വന്തമായി ലിക്വിഡ് ഓക്‌സിജൻ പ്ലാന്റ് ആശുപത്രിക്കുള്ളിലൂടെ റോഡ് സൗകര്യം എല്ലാ ബ്ലോക്കുകളെയും ബന്ധിപ്പിക്കുന്ന കവേർഡ് വാക്‌വേയും ഉന്നതനിലവാരത്തിലുള്ള ഡയറ്ററ്റിക് കാന്റീനും ഉടൻ സജ്ജമാകും