പക്ഷിപ്പനി: ചിക്കനടക്കം നിരോധനം: ആലപ്പുഴയിൽ ഹോട്ടൽ അടച്ചിടുമെന്ന് ഉടമകൾ

Monday 29 December 2025 1:01 AM IST

ആലപ്പുഴ: ജില്ലയിൽ പക്ഷി​പ്പനിയെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കിയതോടെ നാളെ മുതൽ ഹോട്ടലുകൾ അടച്ചിടുമെന്ന മുന്നറിയിപ്പുമായി ഉടമകൾ. ആലപ്പുഴ നഗരത്തിലെ തിരക്കുള്ള ഹോട്ടലിൽ പരിശോധനയ്ക്കിടെ ഭക്ഷണം കഴിക്കാനെത്തിയവരെ ഇറക്കി വിട്ടുവെന്ന് ആരോപിച്ചാണിത്. ഫ്രോസൺ ചിക്കൻ പാകം ചെയ്യാനുള്ള അനുമതി നൽകണമെന്നും ഹോട്ടലുകാർ ആവശ്യപ്പെട്ടു. പക്ഷിപ്പനി പ്രതിരോധിക്കുന്നതിന് നിശ്ചിത കാലയളവിൽ താറാവ് കൃഷിക്ക് നിരോധനം ഏർപ്പെടുത്തണമെന്ന ആവശ്യവും ഹോട്ടലുടമകൾ ഉന്നയിക്കുന്നു.

പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിലെ പത്തു കിലോമീറ്റർ ചുറ്റവളവിൽ ചിക്കൻ, മുട്ട വിഭവങ്ങളടക്കം ഒരാഴ്ചത്തേക്ക് വിൽക്കരുതെന്ന് ജില്ലാ കളക്ടർ വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു. പിന്നാലെയായിരുന്നു ഹോട്ടലുകളിലെ പരിശോധന.

എന്നാൽ, അവബോധം നൽകുക മാത്രമാണ് ചെയ്തതെന്നും, ആരേയും ഇറക്കിവിട്ടിട്ടില്ലെന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.

ഇന്ന് ജില്ലാ കളക്ടറുമായി ചർച്ച നടത്തുമെന്നും വിഷയങ്ങളിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ അടച്ചിടുമെന്നാണ് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നിലപാട്. തകഴി, കാർത്തികപ്പള്ളി, കരുവാറ്റ, പുന്നപ്ര തെക്ക്, അമ്പലപ്പുഴ തെക്ക്, ചെറുതന, പുറക്കാട്, നെടുമുടി, കുമാരപുരം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലാണ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്. അതേസമയം, കഴിഞ്ഞ വർഷത്തെയത്ര കഠിനമല്ല ജില്ലയിൽ ഇക്കുറി പക്ഷിപ്പനി വ്യാപനമെന്നാണ് വിലയിരുത്തൽ.

28,549 പക്ഷികളെ

കൊന്ന് കത്തിച്ചു

പക്ഷിപ്പനി സ്ഥിരീകരിച്ച പഞ്ചായത്തുകളിൽ പക്ഷികളെ കൊന്നു മറവുചെയ്യുന്ന (കള്ളിംഗ്) നടപടി പൂർത്തിയായി. 28,549 പക്ഷികളെ കള്ളിംഗിന് വിധേയമാക്കി

പക്ഷികളെ കൊന്നശേഷം വിറക്, ഡീസൽ, പഞ്ചസാര എന്നിവ ഉപയോഗിച്ചാണ് കത്തിച്ചത്

314 മുട്ടകളും 703 കിലോ തീറ്റയും നശിപ്പിച്ചു. ഈ പ്രദേശങ്ങളിൽ ഇന്ന് അണുനശീകരണവും നടത്തും