വന്നോളൂ ... പാദഭംഗി കൂട്ടാൻ സർഗാലയയിലേക്ക്
പയ്യോളി: മീൻ വറുത്തും വച്ചും കഴിയ്ക്കുന്നത് പതിവ്. ആസ്തമയ്ക്ക് മീൻ വിഴുങ്ങുന്ന ചികിത്സയുമുണ്ട്. എന്നാൽ മീൻ കടിച്ചാൽ പാദഭംഗി കൂടുമോ ?, കൂടും. ഇരിങ്ങൽ സർഗാലയയിലെ അക്വേറിയത്തിൽ ഫിഷർ വുമൺസ് തിരമൈത്രി ഒരുക്കിയ ഫിഷ് സ്പായിൽ വന്നാൽ മതി!. മീനുള്ള ടാങ്കിൽ കാൽ താഴ്ത്തി ഇരുന്നാൽ ബാക്കി മീനുകൾ ചെയ്തുകൊള്ളും. പല്ലില്ലാത്ത മത്സ്യമായതിനാൽ കാലിൽ മുറിവുണ്ടാക്കുമെന്ന് ഭയക്കേണ്ട. കാലിലെ ജീവനില്ലാത്ത ചർമ്മം മാത്രമേ ഇവ കഴിയ്ക്കൂ. മത്സ്യം കാലിലെ ചർമ്മം കടിച്ചെടുക്കുമ്പോൾ കാലിലെ രക്തയോട്ടം കൂട്ടുമത്രെ. ഇത്കാലിന്റെ ഭംഗി കൂട്ടുകയും ചെയ്യും. 'ഡോക്ടർ ഫിഷ് 'എന്നറിയപ്പെടുന്ന ഒരു തരം മത്സ്യമാണ് ഇതിനായി ഉപയോഗിക്കുന്നത്. ടർക്കിയിലും സിംഗപ്പൂരുമൊക്കെ വളരെ പ്രചാരമുള്ളതാണ് ഈ സൗന്ദര്യസംരക്ഷണ രീതി. സോറിയാസിസ് രോഗമുള്ളവരുടെ ജീവൻ നശിച്ച ചർമ്മം മാറ്റാനുള്ള തന്ത്രമായാണ് ആദ്യം തുടങ്ങിയതെങ്കിലും ഇപ്പോൾ സൗന്ദര്യസംരക്ഷണ രീതിയായാണ് ഇത് അറിയപ്പെടുന്നത്. വിവിധ തരം അലങ്കാര മത്സ്യങ്ങൾ, അക്വേറിയങ്ങൾ, മത്സ്യത്തീറ്റകൾ, മരുന്നുകൾ, അനുബന്ധ സാമഗ്രികൾ എന്നിവയുടെ ലോക നിലവാരത്തിലുള്ള പ്രദർശനവും വിൽപനയും സർഗാലയയുടെ അക്വേറിയം സ്റ്റാളിലുണ്ട്. ഇവിടെ 20 രൂപ മുതൽ 20000 വരെയുള്ള മീനുകൾ ലഭിക്കും. അലിഗേറ്റർ അരോണ, അരോപൈമ, ഗൗര, ഡിസ്‌ക്കസ്, ഓസ്‌ക്കാർ, അനാബ, ഹെഡ്‌സ്റ്റേക്ക്, ഷാർക്ക്, ഗപ്പി, ടൈഗർ ഫിഷ് ഇങ്ങനെ പലതരം മീനുകളുണ്ട്. ഒഴിവുസമയം ചെലവിടാൻ എത്തുന്നവരെ ഈ കാഴ്ച ശരിക്കും കുളിരണിയിക്കും.