പുതുവർഷത്തിൽ വിപണിയിലെത്തുന്ന കാറുകൾ

Monday 29 December 2025 12:12 AM IST

കൊച്ചി: ഏറെ പ്രതീക്ഷയോടെയാണ് പുതുവർഷത്തെ രാജ്യത്തെ കാർ വിപണി കാത്തിരിക്കുന്നത്. ചരക്ക് സേവന നികുതിയിലെ ഇളവും കാർഷിക, ഗ്രാമീണ മേഖലയിലെ ഉണർവും വായ്പാ പലിശയിലുണ്ടായ കുറവും വിപണിക്ക് ഏറെ പ്രതീക്ഷ നൽകുന്നു. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില താഴ്ന്ന തലത്തിൽ തുടരുന്നതിനാൽ ഇന്ധന വിലയിലും അടുത്ത വർഷം കുറവ് പ്രതീക്ഷിക്കാം. ഏഷ്യ, ലാറ്റിൻ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ഇന്ത്യൻ കാറുകളുടെ കയറ്റുമതിയിൽ മികച്ച വളർച്ചയാണ് ദൃശ്യമാകുന്നത്. രാജ്യത്തെ മുൻനിര വാഹന നിർമ്മാതാക്കളെല്ലാം ജനുവരിയിൽ വിവിധ മോഡലുകൾ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. കിയ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാരുതി സുസുക്കി, റെനോ, ടാറ്റ മോട്ടോഴ്‌സ്, എം.ജി എന്നീ കമ്പനികളുടെ ഏഴ് പുതിയ വാഹനങ്ങളാണ് അടുത്ത മാസം നിരത്തിലെത്തുന്നത്.

കിയ സെൽറ്റോസ് സെക്കൻഡ് ജനറേഷൻ

ദക്ഷിണ കൊറിയൻ കമ്പനിയായ കിയയുടെ പ്രമുഖ വാഹനമായ സെൽറ്റോസിന്റെ രണ്ടാം തലമുറ വേർഷൻ ജനുവരി രണ്ടിന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. കിയയുടെ വലിയ ആഗോള മോഡലുകളിൽ നിന്ന് പ്രചാേദനം ഉൾകൊണ്ട് ഡിസൈൻ ചെയ്തിട്ടുള്ള പുതിയ കെത്രി പ്ളാറ്റ്‌ഫോമിലുള്ള സ്പോർട്ട്‌സ് യൂട്ടിലിറ്റി വാഹനമാണിത്(എസ്.യു.വി). വെർട്ടിക്കൽ അക്സന്റുള്ള വിശാലമായ ഗ്രില്ലുകൾ, സ്‌ക്വയേർഡ് എൽ.ഇ.ഡി ഹെഡ്ലാമ്പുകൾ തുടങ്ങിയവയാണ് പുതിയ മോഡലിന്റെ ആകർഷണങ്ങൾ.

പ്രതീക്ഷിക്കുന്ന വില

11 മുതൽ 20 ലക്ഷം രൂപ വരെ

മഹീന്ദ്ര എക്‌സ്.യു.വി 7എക്‌സ്.ഒ

മഹീന്ദ്ര എക്‌സ്.യു,വി 700ന്റെ നവീകരിച്ച പതിപ്പായ എക്‌സ്.യു.വി 7എക്‌സ്.ഒ ജനുവരി അഞ്ചിനാണ് വിപണിയിലെത്തുന്നത്. മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് എസ്.യു.വി മോഡലുകളോട് സാദൃശ്യമുള്ള ഡിസൈനാണ് ഈ വാഹനത്തിനുള്ളത്. ഗ്രിൽ, ലൈറ്റിംഗ്, അലോയ് വീലുകൾ എന്നിവയിലും പുതുമ കൊണ്ടുവന്നിട്ടുണ്ട്. ട്രിപ്പിൾ സ്ക്രീൻ ഡാഷ്‌ബോർഡ്, മൾട്ടിപ്പിൾ സീറ്റിംഗ് കോൺഫിഗറേഷൻ എന്നിവയും വാഹനത്തിന്റെ ആകർഷണമാണ്. 2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എൻജിനുകളിൽ മാനുവൽ, ഓട്ടോമാറ്റിക് വേരിയന്റുകൾ പുറത്തിറക്കും.

വില

15 ലക്ഷം രൂപ( എക്‌സ് ഷോറൂം)

മുഖം മിനുക്കി സ്‌കോഡ കുഷാഖ്

പുതുക്കിയ ബമ്പറുകൾ, രൂപഭംഗിയുള്ള എൽ.ഇ.ഡി ലാമ്പുകൾ, പനോരമിക് സൺറൂഫ് തുടങ്ങിയ സൗകര്യങ്ങളുമായി കുഷാഖ് മോഡൽ മുഖം മിനുക്കി സ്‌കോഡ വിപണിയിൽ അവതരിപ്പിക്കുന്നു. 360 ഡിഗ്രി ക്യാമറയും മികച്ച സ്‌റ്റൈലിലും എത്തുന്ന പുതിയ മോഡൽ ജനുവരി പകുതിയോടെ വിപണിയിൽ അവതരിപ്പിക്കും.

വില 10.61 ലക്ഷം രൂപ(എക്‌സ് ഷോറൂം)