സീബേർഡ് സീപ്ളെയിൻ ജപ്‌തി, തിരിച്ചടിയായത് കേന്ദ്ര ചട്ടങ്ങളെന്ന് കമ്പനി

Saturday 12 October 2019 7:35 AM IST

കൊച്ചി: കൊച്ചിയിൽ ജപ്‌തി ചെയ്യപ്പെട്ട സീബേർഡ് സീപ്ളെയിൻ കമ്പനിയെ കടക്കെണിയിലാക്കിയത് കേന്ദ്രസർക്കാരിന്റെ അതികഠിനമായ ചട്ടങ്ങൾ. വിനോദസഞ്ചാരികളെ ആകർഷിക്കാനായി, ഇന്ത്യയിൽ തന്നെ ആദ്യമായി സീപ്ളെയിൻ സർവീസ് ആരംഭിക്കുന്നത് ലക്ഷ്യമിട്ടാണ് 2015ൽ സീബേർഡ് കമ്പനി, ഡയറക്‌ടർ ജനറൽ ഒഫ് സിവിൽ ഏവിയഷനെ (ഡി.ജി.സി.എ) സമീപിച്ചത്.

എന്നാൽ, സർവീസ് ആരംഭിക്കാനുള്ള സർട്ടിഫിക്കേഷൻ ഡി.ജി.സി.എ നൽകിയില്ല. വലിയ എയർലൈൻ കമ്പനികൾ ആരംഭിക്കാനുള്ളതിന് സമാനമായ മാനദണ്ഡങ്ങളാണ് സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചപ്പോൾ ഡി.ജി.സി.എ മുന്നോട്ടുവച്ചതെന്ന് സീബേർഡ് സീപ്ളെയിൻ കമ്പനി പ്രമോട്ടർ‌ ക്യാപ്‌റ്റൻ സുധീഷ് 'കേരളകൗമുദി"യോട് പറഞ്ഞു. കൊച്ചി വിമാനത്താവളത്തിലെ പാർക്കിംഗ് ഫീസായി പോലും ചോദിച്ചത്, വലിയ വിമാനങ്ങളിൽ നിന്ന് ഈടാക്കുന്നതിന് തുല്യമായ തുകയാണ്.

ചട്ടങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യണമെന്ന് അപേക്ഷിച്ചെങ്കിലും ഡി.ജി.സി.എ തയ്യാറായില്ല. 2014ലായിരുന്നു കമ്പനി രൂപീകരണം. 2015ൽ അമേരിക്കൻ എയർക്രാഫ്‌റ്റ് കമ്പനിയായ ക്വസ്‌റ്രിൽ നിന്ന് 15 കോടി രൂപയ്ക്കാണ് സീപ്ളെയിൻ വാങ്ങിയത്. അമേരിക്കയിൽ നിന്ന് ക്യാപ്‌റ്റൻ സുധീഷ് തന്നെ നേരിട്ട് കേരളത്തിലേക്ക് പറത്തിക്കൊണ്ടു വരികയായിരുന്നു.

ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളും കേന്ദ്രീകരിച്ച് സർവീസ് നടത്തുകയായിരുന്നു ലക്ഷ്യം. കേരള സർക്കാരിൽ നിന്നും ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷനിൽ നിന്നും മികച്ച സഹകരണമാണ് ലഭിച്ചത്. തുടക്കത്തിൽ സ‌ർവീസിനല്ലാതെ, പരീക്ഷണാർത്ഥം ലക്ഷദ്വീപിലേക്കും ശ്രീലങ്കയിലേക്കും ഈ സീപ്ളെയിൻ പറത്തിയിരുന്നു.

കമ്പനിയുടെ തുടക്കത്തിലാണ് ഫെഡറൽ ബാങ്കിൽ നിന്ന് 4.15 കോടി രൂപ വായ്‌പ എടുത്തത്. ഒരുവർഷത്തോളം കൈയിലിരുന്ന ഫണ്ടുകൊണ്ട് വായ്‌പാ തിരിച്ചടവ് നടത്തിയിരുന്നെന്നും ക്യാപ്‌റ്രൻ സുധീഷ് പറഞ്ഞു. ഫണ്ട് തീർന്നതോടെ, 2016 ഒക്‌ടോബറിൽ വായ്‌പ കിട്ടാക്കടം (എൻ.പി.എ) ആയി. തുടർന്നാണ്, ഫെഡറൽ ബാങ്ക് ചെന്നൈ എൻ.സി.എൽ.ടിയെ സമീപിച്ചതും സീപ്ളെയിൻ ജപ്‌തി ചെയ്‌തതും.

ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ബാങ്ക് സീപ്ളെയിൻ ജപ്‌തി ചെയ്‌തത്. നിലവിൽ, ഈ പ്ളെയിനിന് 8-10 കോടി രൂപ വിലവരും. വിമാനം വിറ്റഴിച്ച് പണം നേടാനുള്ള ശ്രമം ബാങ്ക് ആരംഭിച്ചിട്ടുണ്ട്.