'ജൻവാക്'; ജില്ലയിൽ കുത്തിവയ്‌പ്പെടുക്കേണ്ടത് 14.79 ലക്ഷം കുട്ടികൾ

Monday 29 December 2025 12:01 AM IST

മലപ്പുറം: ജപ്പാൻ ജ്വരം പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ജൻവാക്' വാക്സിനേഷൻ ക്യാമ്പയിൽ ജില്ലയിൽ കുത്തിവെയ്‌പ്പെടുക്കേണ്ടത് 14.79 ലക്ഷം കുട്ടികൾ. ജനുവരി മുതൽ ആരംഭിക്കുന്ന ക്യാമ്പയിനിൽ 15ന് താഴെയുളള കുട്ടികൾക്കാണ് വാക്സിൻ സൗജന്യമായി ലഭ്യമാക്കുക. സ്‌കൂളുകൾ, അങ്കണവാടികൾ കേന്ദ്രീകരിച്ചാവും പ്രവർത്തനം. ജനുവരി മുതൽ സ്‌കൂളുകളിലൂടെയും മാർച്ചിൽ അങ്കണവാടികളിലൂടെയും കുത്തിവെയ്പ്പ് നടത്തും. ജില്ലാ ആരോഗ്യ വകുപ്പിന്റെ കണക്ക് അനുസരിച്ച് ഒന്ന് മുതൽ അഞ്ച് വയസ് വരെയുള്ള 3.47 ലക്ഷം കുട്ടികളാണ് കുത്തിവെയ്‌പ്പെടുക്കേണ്ടത്. കൂടാതെ, ആറ് മുതൽ 10 വയസ് വരെയുള്ള 3.58 ലക്ഷം കുട്ടികളും 11 മുതൽ 15 വരെയുള്ള 7.73 ലക്ഷം കുട്ടികളും കുത്തിവെയ്‌പ്പെടുക്കണം.

ജില്ലയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 126 ജപ്പാൻ ജ്വരം കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 27 പേർ മരിക്കുകയും ചെയ്തു. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ഈ വർഷമാണ്, 77 എണ്ണം. ആറ് പേർ മരിക്കുകയും ചെയ്തു. ഏറ്റവും കുറവ് കേസുകൾ 2021ലാണ്. 2021ൽ ഒരാൾക്ക് മാത്രമാണ് ജപ്പാൻ ജ്വരം റിപ്പോർട്ട് ചെയ്തത്. ഒരു മരണവും റിപ്പോർട്ട് ചെയ്തു.

തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ രണ്ട് വയസിൽ താഴെയുള്ളവർക്ക് 2009 മുതൽ വാക്സിൻ നൽകുന്നുണ്ട്. ഇത് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ആദ്യഘട്ടമായാണ് ജില്ലയിലും വാക്സിനേഷൻ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക ബോധവൽക്കരണവും നടത്താൻ ഉദ്ദേശിക്കുന്നുണ്ട്. സമുദായ നേതാക്കളുമായി നടത്തിയ ചർച്ചയിൽ പിന്തുണ അറിയിച്ചിട്ടുണ്ട്.

ഈ വർഷം റിപ്പോർട്ട് ചെയ്ത് ജപ്പാൻ ജ്വരം കേസുകൾ- 77

വാക്സിനേഷൻ ക്യാമ്പയിൻ എല്ലാവരും ഏറ്റെടുത്ത് കുട്ടികളുടെ ജീവൻ സംരക്ഷിക്കണം. കുട്ടികളുടെ ജീവന് സുരക്ഷ ഒരുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഡോ.സി.ഷുബിൻ, ഡെപ്യൂട്ടി ഡി.എം.ഒ