ടെൻഡർ വൈകുന്നു, ചെലവുയരും; വിഴിഞ്ഞം തുരങ്ക റെയിലിന് സർക്കാർ തടസവാദം
#ഉടക്ക് ആർബിട്രേഷൻ വ്യവസ്ഥയിൽ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള 9.5 കി.മീറ്റർ തുരങ്ക റെയിൽപ്പാത നിർമ്മാണത്തിൽ വീണ്ടും മുട്ടാപ്പോക്കുമായി സർക്കാർ. കൊങ്കൺ റെയിൽവേ തയ്യാറാക്കിയ ടെൻഡർ രേഖയിലെ ആർബിട്രേഷൻ വ്യവസ്ഥ അംഗീകരിക്കില്ലെന്നും ഇത് 1988ൽ ടെൻഡറുകളിൽനിന്ന് ഒഴിവാക്കിയതാണെന്നും ധനവകുപ്പ് വിഴിഞ്ഞം തുറമുഖ കമ്പനിയെ അറിയിച്ചു.
പിന്നാലെ, കൊങ്കൺ റെയിൽവേ കേന്ദ്രകമ്പനിയാണെന്നും കേന്ദ്രസർക്കാരിന്റെ ടെൻഡറുകളിലുള്ള ആർബിട്രേഷൻ വ്യവസ്ഥ ഒഴിവാക്കി ടെൻഡർ വിളിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി തുറമുഖ കമ്പനി വീണ്ടും സർക്കാരിനെ സമീപിച്ചു. കാലതാമസം വരുത്തുകയോ ചെലവ് ഏറുകയോ പദ്ധതി ഉപേക്ഷിക്കുകയോ ചെയ്താൽ നഷ്ടപരിഹാരം ഈടാക്കാനുള്ള വ്യവസ്ഥയാണിത്. സർക്കാരിന് സാമ്പത്തിക ബാദ്ധ്യതയുണ്ടാവാൻ ഇടയുള്ളതിനാൽ ആർബിട്രേഷൻ വ്യവസ്ഥ പറ്റില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്.
1980കളിൽ ഉദ്യോഗസ്ഥരും കരാറുകാരും ഒത്തുകളിച്ചതുമൂലം സർക്കാരിന് നഷ്ടപരിഹാരയിനത്തിൽ വൻ സാമ്പത്തിക ബാദ്ധ്യതയുണ്ടായതോടെയാണ് ആർബിട്രേഷൻ വ്യവസ്ഥയൊഴിവാക്കിയത്. എന്നാൽ കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന, 2134.5കോടി നിർമ്മാണച്ചെലവുള്ള 8.735കിലോമീറ്റർ തുരങ്കപ്പാത പദ്ധതിയിൽ ആർബിട്രേഷൻ വ്യവസ്ഥ സർക്കാർ അടുത്തിടെ അംഗീകരിച്ചിരുന്നു. അതേ ഇളവ് വിഴിഞ്ഞം തുരങ്കറെയിലിനും നൽകണമെന്നാണ് തുറമുഖകമ്പനി ആവശ്യപ്പെടുന്നത്.
സർക്കാർ അംഗീകാരം നൽകാത്തതിനാൽ ടെൻഡർനീളുകയാണ്. രേഖകൾ തയ്യാറാക്കി ആറുമാസത്തിലേറെയായി കാത്തിരിക്കുകയാണ്കൊങ്കൺ റെയിൽവേ. സർക്കാർ അനുമതിനൽകിയാൽ അഞ്ചുദിവസത്തിനകം ടെൻഡർവിളിക്കാനാവും. ഒറ്റഘട്ടമായി നിർമ്മാണത്തിനുള്ള ഇ.പി.സി(എൻജിനിയറിംഗ്, പ്രൊക്യുർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ) കരാറായിരിക്കും. എൻജിനിയറിംഗ് ഡിസൈൻ തയ്യാറാക്കുന്നതും കരാർകമ്പനിയാണ്. ആർബിട്രേഷൻ വ്യവസ്ഥയില്ലാതെ കരാർപറ്റില്ലെന്നാണ് കൊങ്കൺറെയിലിന്റെ നിലപാട്.
ചെലവ് 2,000
കോടിയാവും
1.ടെൻഡർ നീളുന്നതിനാൽ പദ്ധതിചെലവ് കുതിച്ചുയരും. തുരങ്കപ്പാതയ്ക്ക് ആദ്യം കണക്കാക്കിയിരുന്നത് 1482.92കോടി. ഇപ്പോഴിത് 1600കോടിയിലേറെയായി. നാലുവർഷംകൊണ്ട് തുരങ്കപാത പൂർത്തിയായാൽ പോലും ചെലവ് രണ്ടായിരംകോടിയാവും
2.തുരങ്കപ്പാതയൊരുക്കി അതിലൂടെ റെയിൽപ്പാളമിടാൻ ആയിരംകോടിയാണ് ചെലവ്. വൈകുന്തോറും ചെലവ് ഇനിയുമുയരും. രാജ്യത്തെവലിയ മൂന്നാമത്തെ റെയിൽവേ ടണലായിരിക്കും വിഴിഞ്ഞത്തേത്
3.തുരങ്കറെയിലിന് മുഴുവൻചെലവും സംസ്ഥാനമാണ് വഹിക്കേണ്ടത്. നബാർഡിൽ നിന്ന് വായ്പയെടുത്താണ് പണം കണ്ടെത്തുന്നത്. ടെൻഡർ വിളിച്ചാൽ മൂന്നുമാസത്തിനകം പ്രാരംഭനിർമ്മാണം ആരംഭിക്കാമെന്നായിരുന്നു കൊങ്കൺറെയിലിന്റെ കണക്കുകൂട്ടൽ
10.7കി.മീറ്റർ
പാതയുടെ
ആകെദൈർഘ്യം
190കോടി
ഭൂമിയേറ്റെടുപ്പിന്
മുടക്കേണ്ടത്
തുറമുഖത്തെ
നിയമയുദ്ധം
വിഴിഞ്ഞംതുറമുഖനിർമ്മാണം കരാർപ്രകാരമുള്ള സമയത്ത് പൂർത്തിയാക്കാൻ കഴിയാത്തതിനെത്തുടർന്ന് അദാനിയുംസർക്കാരും ആർബിട്രേഷൻ നടപടികളിലേക്ക് നീങ്ങിയിരുന്നു. അദാനി 3854കോടിയും തുറമുഖകമ്പനി 911കോടിയും നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ആർബിട്രേഷൻ തുടരുന്നത് പദ്ധതിപൂർത്തീകരണം വൈകിപ്പിക്കുമെന്നായതോടെ ഇരുപക്ഷവും ആർബിട്രേഷൻ പിൻവലിക്കുകയായിരുന്നു.