 'ഉയരെ" ക്യാമ്പയിൻ വിദ്യാലയങ്ങളിലേക്ക്:...... ലിംഗസമത്വ സന്ദേശവുമായി ജെൻഡർ വാനുകളെത്തും

Monday 29 December 2025 12:03 AM IST

തിരുവനന്തപുരം: 'ഉയരെ" ക്യാമ്പയിനിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ലിംഗ സമത്വ സന്ദേശവുമായി കുടുംബശ്രീയുടെ ജൻഡർ വാനുകൾ സ്‌കൂളുകളിലെത്തും. ജനുവരി 1 മുതൽ മാർച്ച് 15 വരെയാണ് ‘ഉയരട്ടെ കേരളം, വളരട്ടെ പങ്കാളിത്തം" മുദ്രാവാക്യവുമായുള്ള ക്യാമ്പയിൻ.

തൊഴിൽ മേഖലകളിൽ സ്ത്രീപങ്കാളിത്തം വർദ്ധിപ്പിക്കാനാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. അയൽക്കൂട്ടങ്ങളിലെ 'അറിവിന്റെ അഞ്ച് ആഴ്ചകൾ" പരിശീലന പരിപാടിയുടെ അനുബന്ധമായിട്ടായിരിക്കും സ്കൂളുകളിലെ ക്യാമ്പയിൻ ഏകോപിപ്പിക്കുക. ഇതിനായി മൂന്ന് ലക്ഷം പേർക്ക് കുടുംബശ്രീ പരിശീലനം നൽകിയിട്ടുണ്ട്.

സ്‌കൂളുകളിലെത്തും ജെൻഡർ വാൻ

  1. ജില്ലകളിൽ തിരഞ്ഞെടുത്ത സ്‌കൂളുകളിൽ ജെൻഡർ വാനുകളെത്തും. വിദ്യാർത്ഥികൾക്കായി ലിംഗസമത്വത്തെക്കുറിച്ചുള്ള വിജ്ഞാന പരിപാടികൾ സംഘടിപ്പിക്കും.
  2. ലിംഗനീതി, സ്ത്രീപദവി എന്നിവ പ്രമേയമായുള്ള ലഘുചിത്രങ്ങൾ വാനിൽ സജ്ജീകരിച്ചിട്ടുള്ള ഡിജിറ്റൽ സ്ക്രീനിൽ പ്രദർശിപ്പിക്കും. ദൃശ്യശ്രവ്യ മാദ്ധ്യമങ്ങളിലൂടെ ആശയങ്ങൾ കൂടുതൽ വ്യക്തമായി കുട്ടികളിലെത്തിക്കാൻ ഇതിലൂടെ സാധിക്കും.
  3. കുടുംബശ്രീയുടെ വിദഗ്‌ദ്ധരായ ജെൻഡർ റിസോഴ്സ് പേഴ്സൺമാർ കുട്ടികളുമായി സംവദിക്കും. ലിംഗവിവേചനത്തിനെതിരായ അവബോധത്തിനൊപ്പം കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകും.

'കുട്ടിക്കാലത്തേ ലിംഗസമത്വത്തെക്കുറിച്ചും ലിംഗനീതിയെക്കുറിച്ചും ശരിയായ ധാരണ വളർത്താനും വിവേചനങ്ങളില്ലാത്ത തൊഴിൽ സംസ്‌കാരം കേരളത്തിൽ ഉറപ്പാക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്".

- ഡോ. ടി.കെ. ആനന്ദി,

ജെൻഡർ കൺസൾട്ടന്റ് സ്റ്റേറ്റ് ജെൻഡർ കൗൺസിൽ