പി.എസ്.സി അഭിമുഖം
തിരുവനന്തപുരം:കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ അഗ്രികൾച്ചറൽ ഓഫീസർ (കാറ്റഗറി നമ്പർ 506/2024) തസ്തികയിലേക്കുള്ള ഒന്നാംഘട്ട അഭിമുഖം ജനുവരി 7, 8, 9, 14, 16, 28, 29, 30 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും.കൂടുതൽ വിവരങ്ങൾക്ക് ജി.ആർ.4.ബി. വിഭാഗവുമായി ബന്ധപ്പെടണം .ഫോൺ: 0471 2546418.
സർട്ടിഫിക്കറ്റ് പരിശോധന
കയർഫെഡിൽ സിവിൽ സബ് എൻജിനിയർ (കാറ്റഗറി നമ്പർ 516/2024) തസ്തികയുടെ സാദ്ധ്യതാ പട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് 30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
ഒ.എം.ആർ പരീക്ഷ
കേരള പൊലീസ് സർവീസ് വകുപ്പിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഒഫ് പൊലീസ് (ട്രെയിനി) (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 265/2025) തസ്തികയിലേക്ക് 31ന് രാവിലെ 7 മുതൽ 8.50 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
ബീറ്റ് ഫോറസ്റ്റ് ഓഫീസർ റാങ്ക് ലിസ്റ്റ് വെട്ടിക്കുറയ്ക്കരുത്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വനം വകുപ്പ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ റാങ്ക് ലിസ്റ്റ് വെട്ടിക്കുറയ്ക്കരുതെന്നും ഒഴിവിന് ആനുപാതികമായി ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തണമെന്നും ആവശ്യം. മൂന്ന് വർഷം കാലാവധിയുണ്ടായിരുന്ന കഴിഞ്ഞ ലിസ്റ്റിൽ മതിയായ ഉദ്യോഗാർത്ഥികൾ ഇല്ലാതെ വന്നതോടെ ഒരു വർഷത്തിനു ശേഷം റാങ്ക് ലിസ്റ്റ് റദ്ദായ സ്ഥിതി ഇക്കൊല്ലം ഉണ്ടാകാതിരിക്കാൻ പി.എസ്.സി ശ്രദ്ധിക്കണമെന്നാണ് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നത്.
മൂന്ന് വർഷം കാലാവധിയുള്ള റാങ്ക് പട്ടികയിൽ ആവശ്യത്തിന് ഉദ്യോഗാർഥികളെ ഉൾപ്പെടുത്തിയില്ലെങ്കിൽ ഒഴിവുകൾ നികത്താനാകാത്ത അവസ്ഥയുണ്ടാകും. അതിനാൽ ഇക്കുറി നടത്തിയ പരീക്ഷയുടെ ചുരുക്കപ്പട്ടിക/സാദ്ധ്യതാപട്ടിക ചെറുതാക്കരുതെന്ന് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടു. കായികപരീക്ഷ, എൻഡുറൻസ് ടെസ്റ്റ്, നീന്തൽ പരീക്ഷ, പ്രായോഗിക പരീക്ഷ തുടങ്ങിയവയ്ക്കു ശേഷമാണ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്.
ഓർമിക്കാൻ...
1. സി.യു.ഇ.ടി യു.ജി സിലബസ്:- മേയിൽ നടക്കുന്ന സി.യു.ഇ.ടി യുജി 2026 സംബന്ധിച്ച വിശദ വിവരങ്ങൾ എൻ.ടി.എ പ്രസിദ്ധീകരിച്ചു. പങ്കെടുക്കുന്ന യൂണിവേഴ്സിറ്റികൾ, വിവിധ യൂണിവേഴ്സിറ്റികൾ ഓഫർ ചെയ്യുന്ന പ്രോഗ്രാമുകൾ, സിലബസ് തുടങ്ങിയ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചത്. വെബ്സൈറ്റ്: cuet.nta.nic.in
2. യു.ജി.സി നെറ്റ് അഡ്മിറ്റ് കാർഡ്: യു.ജി.സി നെറ്റ് ഡിസംബർ 2025 അഡ്മിറ്റ് കാർഡ് എൻ.ടി.എ പ്രസിദ്ധീകരിച്ചു. ഡിസംബർ 31 മുതൽ 2026 ജനുവരി 7 വരെയാണ് പരീക്ഷ. 31ലെ പരീക്ഷയുടെ അഡ്മിറ്റ് കാർഡാണ് പ്രസിദ്ധീകരിച്ചത്. തുടർന്നുള്ള ദിസങ്ങളിലെ പരീക്ഷകളുടെ അഡ്മിറ്റ് കാർഡുകൾ വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കും. വെബ്സൈറ്റ്: nta.ac.in.
3. NCHM JEE 2026:- രാജ്യത്തെ ഐ.എച്ച്.എം അഫിലിയേറ്റഡ് സ്ഥാപനങ്ങളിലെ ബി.എസ്സി (ഹോസ്പിറ്രാലിറ്രി & ഹോട്ടൽ അഡ്മിനിസ്ട്രേഷൻ) പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (NCHM JEE) 2026 ഏപ്രിൽ 25ന്. ജനുവരി 25 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ്: nta.ac.in.
4. മെഡിക്കൽ പി.ജി പ്രവേശനം:- എം.സി.സി നടത്തുന്ന പി.ജി മെഡിക്കൽ രണ്ടാം ഘട്ട കൗൺസിലിംഗിൽ അലോട്ട്മെന്റ് ലഭിച്ചവർക്ക് റിസൈൻ (പിൻമാറാൻ) ഇന്ന് വൈകിട്ട് 4 വരെ അവസരം. വെബ്സൈറ്റ്: mcc.nic.in.
ബി.ഫാം അലോട്ട്മെന്റ്
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ഫാർമസി കോളേജുകളിലെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേയ്ക്കുള്ള പ്രവേശനത്തിന് മൂന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ അലോട്ട്മെന്റ് മെമ്മോയും പ്രോസ്പെക്ടസ് ഖണ്ഡിക 7.3.8 -ൽ പറയുന്ന അസ്സൽ രേഖകളും സഹിതം ഇന്ന് മുതൽ 31ന് വൈകിട്ട് 4ന് മുമ്പ് ബന്ധപ്പെട്ട കോളേജുകളിൽ പ്രവേശനം നേടേണ്ടതാണ്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ: 0471 -2332120, 2338487