നാരായണ ഗുരുകുല കൺവെൻഷൻ ഇന്ന് സമാപിക്കും
വർക്കല: വർക്കല നാരായണ ഗുരുകുലം ബ്രഹ്മവിദ്യാമന്ദിരത്തിൽ നടന്നുവരുന്ന നാരായണ ഗുരുകുല കൺവെൻഷൻ ഇന്ന് സമാപിക്കും. ആറാം ദിവസമായ ഇന്നലെ ഹോമത്തോടു കൂടി കൺവെൻഷൻ ആരംഭിച്ചു. നാരായണ ഗുരുകുലം റെഗുലേറ്റിംഗ് സെക്രട്ടറി സ്വാമി ത്യാഗീശ്വരൻ ബൃഹദാരണ്യകോപനിഷത്തിലെ മധുബ്രാഹ്മണത്തെ വ്യാഖ്യാനിച്ചു കൊണ്ട് പ്രവചനം നടത്തി. ഭഗവദ്ഗീത ഒരു ശ്രുതിയാണ് എന്ന് തെളിയിക്കുന്നതിന് ഗീതയ്ക്ക് ബൃഹത്തായ വ്യാഖ്യാനം തന്നെ നടരാജഗുരു എഴുതിയിട്ടുള്ളത് സ്വാമി ത്യാഗീശ്വരൻ ഓർമ്മിപ്പിച്ചു. തത്ത്വചിന്തയുടെ പാശ്ചാത്യ - പൗരസ്ത്യ സമന്വയം ആധുനിക കാലഘട്ടത്തിൽ നടരാജഗുരുവിന്റെ സംഭാവന, ഗുരു നിത്യചൈതന്യ യതിയുടെ മനഃശാസ്ത്ര ചിന്തയുടെ പ്രയോജനപരത വിദ്യാഭ്യാസത്തിൽ, ഗുരു മുനിനാരായണ പ്രസാദിന്റെ കൃതികളിലെ വിദ്യാഭ്യാസ ചിന്തകൾ, നാരായണ ഗുരുവിന്റെ സമന്വയ ദർശനം ലോക സമാധാനത്തിന് എന്നീ വിഷയങ്ങളിൽ ബ്രഹ്മചാരി ബിജോയ്സ്, ടി .എസ്. നിഷ, ഡോ. റാണി ജയചന്ദ്രൻ,ഡോ. പി .കെ. സാബു എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. ആർ. സുഭാഷ് മോഡറേറ്ററായി. തുടർന്ന് സൗഹൃദ സംഗമവും ഡോ. എസ്. ജയപ്രകാശ് കൺവെൻഷൻ അവലോകനവും നടന്നു. രാത്രിയിൽ നടന്ന പ്രാർത്ഥനാ യോഗത്തിൽ ഗുരു മുനി നാരായണ പ്രസാദും സി. എച്ച്. മുസ്തഫ മൗലവിയും പ്രവചനം നടത്തി.ഇന്ന് രാവിലെ 9ന് ഗുരുനാരായണഗിരിയിലേക്ക് പരമ്പരക്രമത്തിലുളള ശാന്തിയാത്ര, 9.30ന് ഹോമം, ഉപനിഷത്ത് പാരായണം. നവവത്സരസന്ദേശം: ഗുരുമുനിനാരായണപ്രസാദ്. 10.40ന് ഗുരുകുല സമ്മേളനത്തോടുകൂടി ഏഴ് ദിവസം നീണ്ടു നിന്ന ഈ വർഷത്തെ ഗുരുകുല കൺവെൻഷൻ സമാപിക്കും.