അമ്മ പഞ്ചായത്ത് പ്രസിഡന്റ്, മകൻ ജില്ലാ പഞ്ചായത്തംഗം!

Monday 29 December 2025 12:19 AM IST
ബീന നാസിമുദ്ദീൻ ലബ്ബയും മകൻ ഫൈസൽ കുളപ്പാടവും

കൊല്ലം: തദ്ദേശ തി​രഞ്ഞെടുപ്പ് കഴി​ഞ്ഞതോടെ നെടുമ്പന പുത്തൻവീട്ടിൽ സന്തോഷം ഇരട്ടി​ച്ചു. ജില്ലാ പഞ്ചായത്തംഗമായ മകനും പഞ്ചായത്ത് പ്രസി​ഡന്റായ ഉമ്മയുമാണ് ഇപ്പോൾ നാട്ടി​ലെ താരങ്ങൾ.

നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസി​ഡന്റായി​ ഇന്നലെയാണ് കോൺഗ്രസിലെ ബീന നാസിമുദ്ദീൻ ലബ്ബ (57) ചുമതലയേറ്റത്.

പഞ്ചായത്തിലെ കുളപ്പാടം നോർത്ത് 19-ാം വാർഡിലാണ് ബീന മത്സരിച്ചത്. 130 വോട്ടുകളുടെ ഭൂരിപക്ഷം. അതേ സമയം നെടുമ്പന ഡിവിഷനിൽ നിന്നു മകൻ ഫൈസൽ കുളപ്പാടം (38) ജില്ലാ പഞ്ചായത്തിലേക്ക് കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചത് 10046 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. ഡി.സി.സി എക്സി.അംഗവും കോൺഗ്രസ് തൃക്കോവിൽവട്ടം ബ്ളോക്ക്

മുൻ പ്രസിഡന്റുമായ നെടുമ്പന പുത്തൻവീട്ടിൽ നാസിമുദ്ദീൻ ലബ്ബയുടെ ഭാര്യയാണ് ബീന. ഇവരുടെ രണ്ട് മക്കളിൽ മൂത്തയാളാണ് ഫൈസൽ കുളപ്പാടം. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ഫൈസൽ ഇപ്പോൾ ഡി.സി.സി ജനറൽ സെക്രട്ടറിയാണ്. ഫൈസൽ കഴിഞ്ഞ ടേമിൽ ബ്ളോക്ക് പഞ്ചായംഗമായിരുന്നു. ബീന മുൻപ് രണ്ട് തവണ പഞ്ചായത്ത് മെമ്പറായിരുന്നു. നാസിമുദ്ദീൻ ലബ്ബ മുൻ ബ്ളോക്ക് പഞ്ചായത്തംഗമാണ്. പൊതുപ്രവർത്തന രംഗത്ത് കുടുംബം ഒന്നിച്ച് സജീവമാണെങ്കിലും ആദ്യമായിട്ടാണ് ഈ വീട്ടിൽ നിന്ന് ഒരേ സമയം രണ്ട് ജനപ്രതിനിധികളുണ്ടാകുന്നത്. ഇതോടെ വീട്ടിലേക്കുള്ള തിരക്കുമേറി.