അപകടത്തിൽ പൊളിഞ്ഞ വണ്ടികൾ തട്ടിക്കൂട്ടി വില്പന തട്ടിപ്പ് കണ്ടെത്തി എം.വി.ഡി
തിരുവനന്തപുരം: അപകടത്തിൽ തകരുന്ന വാഹനങ്ങളെ തട്ടിക്കൂട്ട് അറ്റകുറ്റപ്പണി നടത്തി സെക്കൻഡ് ഹാൻഡായി വിൽക്കുന്ന സംഘങ്ങൾ സജീവം. ചില ഇൻഷ്വറൻസ് കമ്പനികളിലെ ജീവനക്കാരും ഇടനിലക്കാരും ഒത്തുകളിച്ചാണ് വില്പന നടത്തുന്നതെന്നാണ് മോട്ടോർ വാഹന വകുപ്പിന് ലഭിച്ച വിവരം.
നന്നാക്കിയെടുക്കാൻ പറ്റാത്തവിധം അപകടത്തിൽ തകർന്ന വാഹനങ്ങൾ ടോട്ടൽ ലോസ് ആയി കണക്കാക്കി നഷ്ടപരിഹാരം അനുവദിക്കുമ്പോൾ അവയുടെ രജിസ്‌ട്രേഷൻ റദ്ദാക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, രജിസ്‌ട്രേഷൻ റദ്ദാക്കാതെ നഷ്ടപരിഹാരം നൽകുകയും വാഹനം ഇടനിലക്കാർ ഏറ്റെടുത്ത് വിൽക്കുകയും ചെയ്യുന്നുവെന്നാണ് കണ്ടെത്തൽ. 2024ൽ ഇൻഷ്വറൻസ് റെഗുലേറ്ററി അതോറിട്ടി നൽകിയ നിർദ്ദേശങ്ങൾ ചില ഇൻഷ്വറൻസ് കമ്പനികൾ പാലിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇൻഷ്വറൻസ് തുകയുടെ 75 ശതമാനത്തിലധികം അറ്റകുറ്റപ്പണിക്ക് വേണ്ടിവരുമ്പോഴാണ് വാഹനം ടോട്ടൽലോസായി കണക്കാക്കുന്നത്. അങ്ങനെ വരുമ്പോൾ ഇൻഷ്വറൻസ് തുക മുഴുവനായി അനുവദിക്കും. രജിസ്‌ട്രേഷൻ റദ്ദാക്കി വാഹനം ഇൻഷ്വറൻസ് കമ്പനി ഏറ്റെടുക്കണമെന്നുമാണ് വ്യവസ്ഥ.
രജിസ്‌ട്രേഷൻ റദ്ദായാൽ വാഹനത്തിന് ആക്രിവിലയേ കിട്ടൂ. ഇതൊഴിവാക്കാൻ ഉടമയുമായി ധാരണയുണ്ടാക്കും. വാഹനവില കഴിച്ചിട്ടുള്ള തുകയാകും ഇൻഷ്വറൻസ് കമ്പനി നഷ്ടപരിഹാരം നൽകുക. ഇത്തരം വാഹനങ്ങൾ ഇടനിലക്കാർ തട്ടിക്കൂട്ടി നന്നാക്കി വീണ്ടും വിൽക്കും. അപകടത്തിൽപ്പെട്ടെന്ന വിവരം മറച്ചുവച്ചാകും വില്പന.
നിയമത്തിൽ അവ്യക്തത
അപകടത്തിൽ തകർന്ന വാഹനങ്ങൾ ഉപേക്ഷിക്കുന്നത് സംബന്ധിച്ച് മോട്ടോർ വാഹന നിയമത്തിലെ അവ്യക്തത മറയാക്കിയാണ് തട്ടിപ്പ്. പൂർണമായി തകർന്ന സ്വകാര്യവാഹനം വീണ്ടും ഉപയോഗിക്കണമെങ്കിൽ ഫിറ്റ്നസ് നേടണമെന്ന വ്യവസ്ഥ നിയമത്തിലില്ല. നിർബന്ധിത പൊളിക്കലും നിഷ്‌കർഷിച്ചിട്ടില്ല. അതേസമയം, അപകടത്തിൽപ്പെട്ട വാഹനം ഉപേക്ഷക്കേണ്ടിവന്നാൽ ഉടമകൾ രജിസ്‌ട്രേഷൻ റദ്ദാക്കി കൈമാറിയാൽ തട്ടിപ്പ് തടയാനാകും. ഇതിന്റെപേരിൽ നഷ്ടപരിഹാരത്തുക കുറയ്ക്കാൻ ഇൻഷ്വറൻസ് കമ്പനിക്കാകില്ല.