കൈകൊട്ടിക്കളിക്കി​ടെ കയ്യാങ്കളി

Monday 29 December 2025 12:23 AM IST

ഇടമൺ: ഇടമൺ ചിറ്റാലംകോടുള്ള ആർട്സ് ക്ലബ് വാർഷി​കാഘോഷത്തി​ന്റെ ഭാഗമായി​ സംഘടിപ്പിച്ച കൈകൊട്ടിക്കളി മത്സരം കയ്യാങ്കളിയിൽ അവസാനിച്ചു. കഴിഞ്ഞ ദിവസം രാത്രി 11.55 ഓടെയാണ് സംഭവം.

മത്സരത്തിന്റെ വിധി പറയുന്നതിനെച്ചൊല്ലിയാണ് സംഘർഷം ഉണ്ടായത്. 10 ടീമുകളാണ് മത്സരി​ച്ചത്. ആദ്യം വിധി നിർണയത്തെ ചൊല്ലി വിധികർത്താക്കളെ ചോദ്യം ചെയ്തു. സമ്മാനം നേടിയ ടീം ജഡ്ജസിനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ആരോപണവും ഉണ്ടായി. ഒന്നാംസ്ഥാനം നേടിയ ടീമും മൂന്നാംസ്ഥാനം നേടിയ ടീമും തമ്മിലാണ് വാക്ക് തർക്കം ഉണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞു. പിന്നീട് സംഘാടകർ ഉൾപ്പെടെ ഇടപ്പെട്ടു. ഇതിനിടെ തർക്കം കൂട്ടത്തല്ലിൽ കലാശിക്കുകയായിരുന്നു. കസേരകൾ ഉൾപ്പെടെ തകർത്തു. നിരവധി പേർക്ക് പരിക്കേറ്റു.

പൊലീസ് എത്തിയാണ് സംഘർഷത്തിന് അയവു വരുത്തിയത്. പരിക്കേറ്റവർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. പരാതി ഇല്ലാത്തതിനാൽ കേസ് എടുത്തിട്ടില്ലെന്ന് തെന്മല പൊലീസ് അറിയിച്ചു.