ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ അവധിയാഘോഷം, ആളൊഴുകുന്നു
കൊല്ലം: ക്രിസ്മസ്, പുതുവത്സര അവധികൾ നിറഞ്ഞതോടെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ തിരക്കേറി. സമ്പ്രാണിക്കോടി, അഡ്വഞ്ചർ പാർക്ക് എന്നിവിടങ്ങളിൽ മികച്ച വരുമാനമാണ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന് ലഭിക്കുന്നത്.
സമ്പ്രാണിക്കൊടിയിൽ ദിനംപ്രതി 400- 500 സന്ദർശകർ വരെ എത്തുന്നുണ്ട്. ബോട്ടിംഗ് ഉൾപ്പെടെ നടത്താനാണ് അഡ്വഞ്ചർ പാർക്കിലേക്ക് എത്തുന്നത്. ചിൽഡ്രൻസ് പാർക്ക് ഇല്ലാത്തതിനാൽ കുട്ടികളുമായി ഇവിടേക്കാണ് കൂടുതൽപേരും എത്തുന്നത്. സ്വദേശികളും വിദേശികളും ഉൾപ്പെടെ അഴീക്കൽ ബീച്ച്, കൊല്ലം ബീച്ച് എന്നിവിടങ്ങളിൽ ആയിരങ്ങളാണ് ആഘോഷിക്കാനെത്തുന്നത്. മലമേൽപ്പാറ, മീൻപ്പിടിപ്പാറ എന്നിവിടങ്ങളിലും സഞ്ചാരികളുടെ ഒഴുക്കാണ്. മൺറോത്തുരുത്തിലും സ്ഥിതി വ്യത്യസ്തമല്ല.
കൊല്ലം നഗരത്തിലും ഡിസംബറിന്റെ വർണക്കാഴ്ചകൾ നിറഞ്ഞുനിൽക്കുന്നു. വീ പാർക്ക്, ചിന്നക്കട റൗണ്ട് ഉൾപ്പെടെയുള്ള ഇടങ്ങൾ ദീപാലങ്കാരങ്ങളാൽ ശോഭിതമാണ്. കമ്മിഷണർ ഓഫീസ് ആർ.ഒ.ബിക്ക് താഴെ കാടുമൂടിക്കിടന്ന സ്ഥലം സർക്കാർ വൃത്തിയാക്കിയെടുത്തപ്പോൾ ഈ അവധിക്കാലത്ത് കുട്ടികളാണ് സന്തോഷിക്കുന്നത്. രാത്രി ഏറെ വൈകിയും സജീവമാണ് വീ പാർക്ക്. ആളുകൾ കൂടുതലായി എത്തുന്നതിനാൽ പാർക്കിംഗിന് പരിമിതികളുണ്ട്.
പുതുവർഷ ആഘോഷത്തിനായി റിസോർട്ടുകളിലും ഹോട്ടലുകളിലും ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നു. മിക്കയിടങ്ങളിലും പുതുവർഷത്തെ സ്വീകരിക്കാൻ പ്രത്യേക പരിപാടികളും നടക്കുന്നുണ്ട്.
കരുതലുണ്ടാവണം
തിരക്ക് മുൻകൂട്ടിക്കണ്ട് അഴീക്കൽ ബീച്ചിൽ നാല് ലൈഫ് ഗാർഡുമാരെയും കൊല്ലം ബീച്ചിൽ ആറ് ലൈഫ് ഗാർഡുമാരെയുമാണ് കൂടുതലായി നിയോഗിച്ചത്. ബീച്ചിലെ അപകട മേഖലയിലേക്ക് ആളുകൾ പ്രവേശിക്കാതിരിക്കാൻ താത്കാലികമായി വലിച്ചു കെട്ടിയ കയർ മറികടക്കുന്നവർ ഏറെയുണ്ട്. അഴീക്കലിൽ ലൈഫ് ഗാർഡുമാർക്ക് ടവർ ഇല്ലാത്തതും ബുദ്ധിമുട്ടുണ്ടാക്കുന്നു.
23 മുതൽ ബീച്ചുകളിൽ ഉൾപ്പെടെ തിരക്ക് തുടങ്ങി. ന്യൂ ഇയർ വരെ ഇതേ തിരക്ക് പ്രതീക്ഷിക്കാം
ഡി.ടി.പി.സി അധികൃതർ