നാലു വയസുകാരൻ മരിച്ച നിലയിൽ; അമ്മയും സുഹൃത്തും കസ്റ്റഡിയിൽ

Monday 29 December 2025 12:34 AM IST

തിരുവനന്തപുരം: കഴക്കൂട്ടം അമ്പലത്തിൻകരയ്ക്ക് സമീപം ലോഡ്ജിൽ നാലു വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശിയായ മുന്നി ബീഗത്തിന്റെ മകൻ ദിൽ ദൽ ആണ് മരിച്ചത്. സംഭവത്തിൽ അമ്മ മുന്നി ബീഗത്തെയും കൂടെയുണ്ടായിരുന്ന സുഹൃത്ത് തൻവീൻ ആലത്തെയും കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. ​കഴിഞ്ഞ ഒരാഴ്ചയായി ഇവർ അമ്പലത്തിൻകരയിലെ ലോഡ്ജിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കുട്ടി അവശനിലയിലാണെന്ന് പറഞ്ഞ് അമ്മ താഴേക്ക് ഇറങ്ങിവരുന്നതുകണ്ട് നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. കുട്ടിയുടെ വായിൽ നിന്ന് ചോരയും പതയും വരുന്നുണ്ടായിരുന്നു. നാട്ടുകാർ കുട്ടിയെ എ.ജെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. കുട്ടിയുടെ കഴുത്തിൽ മുറിവേറ്റതുപോലെയുള്ള പാടുകളുണ്ട്. ഒന്നരവർഷത്തോളമായി മുന്നിബീഗം ഭർത്താവുമായി പിണങ്ങി കഴിയുകയാണെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് അസിസ്റ്റന്റ് കമ്മിഷണർ ചന്ദ്രദാസ് അറിയിച്ചു. കസ്റ്റഡിയിലുള്ള അമ്മയെയും സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.