ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന് തലശ്ശേരിയിൽ തുടക്കം, ചരിത്രം വളച്ചൊടിക്കുന്നതിനെ പ്രതിരോധിക്കേണ്ടത് ജനാധിപത്യത്തിന്റെ കടമ: മുഖ്യമന്ത്രി

Monday 29 December 2025 12:36 AM IST

തലശ്ശേരി: ചരിത്രത്തിനുവേണ്ടിയുള്ള പ്രതിരോധങ്ങൾ ജനാധിപത്യപരമായ ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തലശ്ശേരി ഗവൺമെന്റ് ബ്രണ്ണൻ കോളേജിൽ 84ാമത് ത്രിദിന ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യവും അതിന്റെ രാഷ്ട്രീയവും ഗുരുതരമായ വെല്ലുവിളികൾ നേരിടുന്ന സന്ദർഭത്തിലാണ് ഈ സമ്മേളനം നടക്കുന്നത്. ചരിത്രം വളച്ചൊടിക്കപ്പെടുമ്പോഴോ തുടച്ചുനീക്കപ്പെടുമ്പോഴോ കേവലം പ്രചാരണ ഉപാധിയായി ചുരുക്കപ്പെടുമ്പോഴോ ജനാധിപത്യം തന്നെ ദുർബലമാവുകയാണ്. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്ത് ചരിത്രം മാറ്റിയെഴുതുക എന്നത് സുസ്ഥിര രാഷ്ട്രീയ പദ്ധതിയായി മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സി.ബി.എസ്.ഇ പാഠപുസ്തകങ്ങളിൽ നിർണായക ചരിത്ര സംഭവങ്ങൾ ഒഴിവാക്കപ്പെടുകയോ വികലമാക്കപ്പെടുകയോ ചെയ്തു.കേരളത്തിന്റെ ആധുനിക ചരിത്രത്തെ രൂപപ്പെടുത്തിയ വ്യക്തികളും ദേശീയ പാഠപുസ്തകങ്ങളിൽ അരികുവത്കരിക്കപ്പെട്ടു. പൊതുറോഡുകളിലേക്കും വിദ്യാഭ്യാസത്തിലേക്കും പ്രവേശനത്തിനായി അയ്യങ്കാളി നടത്തിയ പോരാട്ടങ്ങൾ ജനാധിപത്യത്തിന്റെ വികാസത്തിന് ശിലപാകിയവയാണ്. ശ്രീനാരായണഗുരു ജാതിവ്യവസ്ഥയ്‌ക്കെതിരെ നടത്തിയ സാമൂഹിക വിപ്ലവങ്ങളെ പരിഗണിക്കാതെ അദ്ദേഹത്തെ കേവലം ആത്മീയ പരിഷ്‌കർത്താവായി ചുരുക്കുന്നു. 1921ലെ മലബാർ കലാപത്തെ ഒഴിവാക്കിയത് പ്രത്യേകം എടുത്തുപറഞ്ഞ മുഖ്യമന്ത്രി, സാമ്രാജ്യത്വത്തിനും ഫ്യൂഡൽ ചൂഷണത്തിനുമെതിരായ കർഷക മുന്നേറ്റമായിരുന്ന മലബാർ കലാപം കേവലം വർഗീയമായി ചിത്രീകരിക്കപ്പെട്ടുവെന്ന് പറഞ്ഞു.

ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് പ്രസിഡന്റ് ഡോ. രാജൻ ഗുരുക്കൾ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് സെക്രട്ടറി പ്രൊഫ. സയ്യദ് അലി നദീം സംസാരിച്ചു. പ്രൊഫ. ഡോ. കെ.കെ.എൻ. കുറുപ്പിന്റെ 'ഷെയ്ഖ് സൈനുദ്ദീൻ മഖ്ദൂം തുഹ്ഫത്തുൽ മുജാഹിദ്ദീൻ: ചരിത്രപുസ്തകത്തിന്റെ പുനർവായന 443 വർഷങ്ങൾക്കശേഷം' എന്ന പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഡോ. വി. ശിവദാസൻ എം.പി സമ്മേളന സുവനീർ പ്രകാശിപ്പിച്ചു. ഡൽഹി സർവകലാശാല പ്രൊഫസർ ഫർഹത് ഹസൻ, എസ്.സി. മിശ്ര അനുസ്മരണ പ്രഭാഷണം നടത്തി.മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ 700 പ്രബന്ധങ്ങൾ അവതരിപ്പിക്കും. കേരളത്തിൽ നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി 692 പ്രതിനിധികൾ ആറു സെഷനുകളിലായി നടക്കുന്ന സെമിനാറുകളിൽ പങ്കെടുക്കും.