ഒമ്പത് മാസത്തിനിടെ പിടിച്ചത് 61.7 കോടിയുടെ മയക്കുമരുന്ന്

Monday 29 December 2025 12:41 AM IST

കൊച്ചി: സംസ്ഥാനത്ത് നിന്ന് ഈ വർഷം ഏപ്രിൽ മുതൽ ഡയറക്‌ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ്(ഡി.ആർ.ഐ) പിടികൂടിയത് 61.7 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകൾ. കൊച്ചി,കോഴിക്കോട്,തിരുവനന്തപുരം വിമാനത്താവളങ്ങളിലൂടെ കടത്താൻ ശ്രമിച്ചതിന് പുറമെ, വിൽപ്പനയ്‌ക്ക് സൂക്ഷിച്ചവയും ഇക്കൂട്ടത്തിലുണ്ട്. വിദേശികളുൾപ്പെടെ 14 പേർ അറസ്റ്റിലായി. ഡി.ആർ.ഐ കൊച്ചി മേഖലാ കേന്ദ്രത്തിന്റെ ലഹരിവേട്ടയിൽ ഹൈഡ്രോപോണിക് കഞ്ചാവ്,മെതാംഫെറ്റാമിൻ,കൊക്കെയ്ൻ എന്നിവയുൾപ്പെടെ പിടിച്ചെടുത്തു. ഈ മാസം മയക്കുമരുന്ന് കടത്താനുള്ള രണ്ട് ശ്രമങ്ങൾ തടഞ്ഞെന്നും ഡി.ആർ.ഐ വൃത്തങ്ങൾ അറിയിച്ചു.

ഹൈഡ്രോപോണിക് രീതിയിൽ വളർത്തുന്ന വീര്യമേറിയ കഞ്ചാവാണ് രണ്ടു തവണ പിടികൂടിയത്. 14.7 കോടി വിലമതിക്കുന്ന 14.7 കിലോ ഹൈഡ്രോപോണിക് കഞ്ചാവ് പിടിച്ച കേസിൽ മൂന്നുപേരെ ഡിസംബർ 18ന് അറസ്റ്റ് ചെയ്തു. ബാഗേജിൽ ഒളിപ്പിച്ച കഞ്ചാവുമായി ബാങ്കോക്കിൽ നിന്ന് അബുദാബി വഴി കൊച്ചിയിലെത്തിയ മൂന്ന് യാത്രക്കാരെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. ഡിസംബർ 23ന് ബാങ്കോക്കിൽ നിന്ന് കോഴിക്കോട്ടിറങ്ങിയ യാത്രക്കാരൻ ബാഗേജുകളിൽ ഭക്ഷ്യവസ്‌തുക്കളെന്ന വ്യാജേന പൊതിഞ്ഞുസൂക്ഷിച്ച നിലയിലായിരുന്നു 7.2 കിലോ ഹൈഡ്രോപോണിക് കഞ്ചാവ്. ഇതിന് വിപണിയിൽ 7.2 കോടി വിലമതിക്കും.

ലക്ഷ്യം ലഹരിമുക്ത ഇന്ത്യ

കേന്ദ്രസർക്കാരിന്റെ 'നശാമുക്ത് ഭാരത് "(ലഹരിമുക്ത ഇന്ത്യ) പദ്ധതിയുടെ ഭാഗമായാണ് ഡി.ആർ.ഐ നടപടികൾ. ലഹരിക്കടത്ത് തടയാൻ 'ഓപ്പറേഷൻ വീഡ് ഔട്ട്' പദ്ധതിയിൽ തുടർച്ചയായ നിരീക്ഷണം ഡി.ആർ.ഐ നടത്തുന്നുണ്ട്. ലഹരിവസ്തുക്കൾ,സ്വർണം,കറൻസി,വന്യജീവികൾ എന്നിവയുടെ കള്ളക്കടത്ത് തടയുന്ന ഏജൻസിയാണ് ഡി.ആർ.ഐ . കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ രാജ്യത്തിന് സാമ്പത്തിക നഷ്ടം വരുത്തുന്ന ഇടപാടുകളും ഡി.ആർ.ഐ നിരീക്ഷിക്കുകയും പിടികൂടുകയും ചെയ്യുന്നുണ്ട്.