അടഞ്ഞ് കിടക്കുന്ന വീടുകൾ കുത്തിത്തുറന്ന് മോഷണം

Monday 29 December 2025 12:44 AM IST

നെടുമ്പാശേരി: കാരയ്‌ക്കാട്ടുകുന്ന്, മേയ്‌ക്കാട് പ്രദേശങ്ങളിൽ അടഞ്ഞ് കിടക്കുന്ന വീടുകൾ കുത്തിത്തുറന്ന് മോഷണം പതിവായി. രണ്ട് വർഷമായി യു.കെയിൽ കുടുംബസമേതം താമസിക്കുന്ന കാരയ്‌ക്കാട്ടുകുന്ന് മേയ്‌ക്കാട്ടുകുളം ആന്റുവിന്റെ വീട് ശനിയാഴ്ച രാത്രി കുത്തിത്തുറന്ന് അലമാരയിൽ നിന്ന് വസ്ത്രങ്ങളെല്ലാം വലിച്ചു വാരിയിട്ടു. വിലപ്പെട്ട വസ്തുക്കൾ മോഷണം പോയിട്ടുണ്ടോയെന്ന് വ്യക്തമായിട്ടില്ല.

മുഖംമൂടി ധരിച്ച രണ്ട് പേരാണ് മോഷണത്തിന് പിന്നിൽ. സി.സി ടിവി ക്യാമറകളിൽ ഇവരുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. രാവിലെ സമീപത്ത് താമസിക്കുന്ന ബന്ധു എത്തിയപ്പോഴാണ് മോഷണം അറിഞ്ഞത്. ചെങ്ങമനാട് പൊലീസ് പരിശോധന നടത്തി.

വെള്ളിയാഴ്ച മേയ്‌ക്കാടുള്ള അരീക്കൽ വർഗീസിന്റെ വീട്ടിലും സമാന രീതിയിലുള്ള മോഷണശ്രമം നടന്നു. ഈ കുടുംബവും വിദേശത്താണ്. ഇവിടത്തെ സി.സി ടിവി ക്യാമറയിൽ കണ്ട മോഷ്ടാക്കൾ തന്നെയാണ് ആന്റുവിന്റെ വീടും കുത്തിത്തുറന്നതെന്ന് സൂചനയുണ്ട്. ഒരാഴ്ച മുമ്പ് കാരക്കാട്ടുകുന്ന്‌ കൃഷ്ണപ്രിയയിൽ ഗോപിനാഥിന്റെ വീട്ടിലും മോഷണ ശ്രമം നടന്നു. ഈ വീടും മൂന്ന് വർഷമായി അടഞ്ഞുകിടക്കുകയായിരുന്നു.