സ്വർണകൊള്ളയിൽ നടപടിയില്ലാത്തത് തിരിച്ചടി, സി.പി.എം സംസ്ഥാന സമിതിയിൽ വിലയിരുത്തൽ

Monday 29 December 2025 12:53 AM IST

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിൽ നടപടിയില്ലാത്തത് തദ്ദേശ തിരഞ്ഞെ‌ടുപ്പിൽ തിരിച്ചടിയായെന്ന് സി.പി.എം സംസ്ഥാന സമിതിയിൽ വിലയിരുത്തൽ. മുൻ ദേവസ്വം ബോർ‌ഡ് പ്രസിഡന്റ് എ.പത്മകുമാറിനെതിരേ നടപടിയില്ലാത്തത് വീഴ്ചയാണെന്നും ഭൂരിപക്ഷ അഭിപ്രായമുയർന്നു.

ഭരണവിരുദ്ധ വികാരമുണ്ടായില്ലെന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിലപാടിൽ സമ്മിശ്ര അഭിപ്രായമാണുണ്ടായത്.

ജനങ്ങളെ വിശ്വാസത്തിലെടുക്കാനായില്ല. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ തിരുത്തേണ്ടത് തിരുത്തണമെന്ന അഭിപ്രായവും ഉയർന്നു. ഇത് അവസാന അവസരമായി കാണണം. ഇല്ലെങ്കിൽ തിരുത്തിയതു കൊണ്ട് പ്രയോജനമുണ്ടാകില്ലെന്നും ചില നേതാക്കൾ പറഞ്ഞു. ശബരിമല സ്വർണകൊള്ളയിൽ പത്മകുമാറിനെതിരെ ആരോപണം വന്നപ്പോൾ തന്നെ പാർട്ടി നടപടി എടുക്കേണ്ടിയിരുന്നു. ഇപ്പോൾ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ കോടതി ശക്തമായ നിലപാട് എടുത്തിരിക്കുകയാണ്. എന്നിട്ടും പത്മകുമാറിനെ സംരക്ഷിക്കുന്നത് ആർക്കുവേണ്ടിയാണെന്നും ചോദ്യമുയർന്നു.

സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും വീഴ്ചയുണ്ടായി. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ വാർത്താസമ്മേളനങ്ങൾ പാർട്ടിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. മാദ്ധ്യമപ്രവർത്തകരുടെ താത്പര്യമനുസരിച്ചാണ് അദ്ദേഹം മറുപടി പറയുന്നത്. മുമ്പൊരു കാലത്തും സി.പി.എമ്മിന് ഇത്തരത്തിലൊരു അവസ്ഥ ഉണ്ടായിട്ടില്ല. നേതൃത്വം തിരുത്താതെ കീഴ് ഘടകങ്ങളിൽ തിരുത്തൽ വേണമെന്നു പറയുന്നത് പരിഹാസ്യമാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി. സംസ്ഥാന സമിതി യോഗം ഇന്നും തുടരും.