കലാഭവൻ മണി സ്മാരക പുരസ്കാരം: കേരളകൗമുദിക്കും കൗമുദി ടി.വിക്കുമായി 7 അവാർഡുകൾ

Monday 29 December 2025 12:53 AM IST

തിരുവനന്തപുരം: കലാഭവൻ മണി സേവന സമിതി ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ മികച്ച പത്ര മാദ്ധ്യമ പ്രവർത്തകനുള്ള പുരസ്കാരത്തിന് കേരളകൗമുദിയുടെ സ്പെഷ്യൽ കറസ്പോണ്ടന്റ് കോവളം സതീഷ്‌കുമാർ അർഹനായി. ദൃശ്യമാദ്ധ്യമ വിഭാഗത്തിൽ കൗമുദി ടി.വിക്ക് ആറു പുരസ്കാരങ്ങൾ ലഭിച്ചു. മികച്ച അഭിമുഖ പരിപാടിയായി കേരള കൗമുദി ന്യൂസിലെ ടോക്കിംഗ് പോയിന്റ് തിരഞ്ഞെടുത്തു. ടോക്കിംഗ് പോയിന്റ് അവതാരകൻ കൗമുദി ന്യൂസ് ആൻഡ് ഡിജിറ്റൽ ഡെപ്യൂട്ടി എഡിറ്റർ ലിയോ രാധാകൃഷ്ണൻ, പ്രോഗ്രാം പ്രൊഡ്യൂസർ കുഞ്ചു മുരളി എന്നിവരും പുരസ്കാരത്തിന് അർഹരായി. ജനപ്രിയ കുക്കറി ഷോ റിയൽ ടേസ്റ്റ് ഒഫ് കേരളയിലൂടെ പ്രോഗ്രാം പ്രൊഡ്യൂസർ സനു എം.എസ്, മികച്ച ടെലിവിഷൻ പ്രോഗാം ക്യാമറാമാനായി കൗമുദി ടിവി സീനിയർ ക്യാമറാമാൻ അനൂപ് വി.ജെ, മികച്ച ടെലിവിഷൻ എന്റർടൈമെന്റ് പ്രാങ്ക് ഷോ ഫീമെയിൽ ഹാസ്യതാരമായി കൗമുദി ടി.വിയിലെ ഓ മൈ ഗോഡ് പ്രോഗ്രാമിലൂടെ വിനീത ഡി. അമൽ, പാർവതി കീർത്തി എന്നിവരും പുരസ്കാരത്തിന് അർഹരായി.

കലാഭവൻ മണിയുടെ ജന്മദിനത്തോടനുബന്ധിച്ച് ജനുവരി ഒന്നിന് വൈകിട്ട് ആറിന് ആറ്റിങ്ങൽ സൺ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന്

കലാഭവൻ മണി സേവന സമിതി ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ അജിൽ മണിമുത്ത്, ജൂറി ചെയർപേഴ്സൺ സുമ എസ്, ലെനിൻ അയിരൂപാറ എന്നിവർ വാ‌ർത്താസമ്മേളനത്തിൽ അറിയിച്ചു.