വനിത ഡോക്ടറുടെ ആത്മഹത്യ: സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിച്ചു
തിരുവനന്തപുരം: സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ടതിന്റെ പേരിൽ യുവ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്ത കേസിൽ സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം രണ്ടാം വർഷ പി.ജി വിദ്യാർത്ഥിനി വെഞ്ഞാറമ്മൂട് മൈത്രി നഗർ നാസ മൻസിലിൽ എ.ജെ.ഷഹ്നയുടെ ആത്മഹത്യയിലാണ് നിയമനം. മുൻ അഡിഷണൽ ഗവൺമെന്റ് പ്ലീഡറും,പബ്ലിക് പ്രോസിക്യൂട്ടറും അമ്പലത്തറ സ്വദേശിയുമായ എം.സലാഹുദ്ദീനെയാണ് സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചത്.
മലയിൻകീഴ് മാറനല്ലൂർ സ്വദേശിനി ദിവ്യയെയും മകൾ ഒന്നര വയസുളള ഗൗരിയെയും കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ ഇരട്ട കൊലകേസിലും സലാഹുദ്ദീനാണ് പ്രത്യേക പ്രോസിക്യൂട്ടർ. ഇദ്ദേഹം സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറായിരുന്ന അമ്പലമുക്ക് വിനീത കൊലക്കേസിൽ പ്രതിക്ക് വധശിക്ഷയാണ് കോടതി വിധിച്ചത്. അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്ന കാലയളവിൽ നാല്പതിലേറെ കേസുകളിൽ പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ് ലഭിച്ചിരുന്നു.
ഡോ.ഷഹ്നയുടെ സഹപ്രവർത്തകനും പി.ജി അസോസിയേഷൻ ഭാരവാഹിയുമായ കൊല്ലം കരുനാഗപ്പളളി മീൻമുക്ക് മദ്രസക്ക് സമീപം ഇടയില വീട്ടിൽ ഡോ.ഇ.എ.റുവൈസാണ് കേസിലെ പ്രതി. ഇയാളുമായി പ്രണയത്തിലായിരുന്നു ഷഹ്ന. വിവാഹം ചെയ്യുന്നതിന് 150 പവൻ സ്വർണ്ണവും ഒരേക്കർ സ്ഥലവും ബി.എം.ഡബ്ല്യൂ കാറും സ്ത്രീധനമായി റുവൈസിന്റെ വീട്ടുകാർ ആവശ്യപ്പെട്ടെന്നതാണ് ഷഹ്നയുടെ വീട്ടുകാരുടെ പരാതി. സുഹൃത്തുക്കളുടെ മുന്നിൽ വച്ച് ഒരു കോടി രൂപയും ബി.എം.ഡബ്ല്യൂവും തന്നാൽ താൻ വിവാഹം കഴിക്കാമെന്ന റുവൈസിന്റെ പരിഹാസമാണ് ഷഹ്നയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കേസ്. ഉയർന്ന അളവിൽ അനസ്‌തേഷ്യാ മരുന്ന് കുത്തിവച്ചാണ് ഷഹ്ന ആത്മഹത്യ ചെയ്തത്. 2023 ഡിസംബർ 4ന് രാത്രിയിൽ ഷഹ്നയെ മെഡിക്കൽ കോളേജിനടുത്തുളള ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സ്ത്രീധനം നൽകാൻ സാമ്പത്തികശേഷിയില്ലാത്തതിനാൽ ജീവനൊടുക്കുന്നതായി രേഖപ്പെടുത്തിയ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തി. ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നു.