സർക്കാർ ചെലവിൽ വീട്ടിലെത്തി തേങ്ങയിടും, തൊണ്ട് വിലയ്ക്കെടുക്കും കയർ വകുപ്പ് പദ്ധതി അടുത്ത വർഷം മുതൽ

Monday 29 December 2025 12:59 AM IST

ആലപ്പുഴ: സർക്കാർ ചെലവിൽ തൊഴിലാളികൾ വീട്ടിലെത്തി തെങ്ങിൽ കയറും. നാളീകേരം അപ്പോൾതന്നെ പൊതിച്ച് വീട്ടുകാർക്ക് കൈമാറും. മാർക്കറ്റ് വില നൽകി പച്ചത്തൊണ്ട് ശേഖരിക്കും. തെങ്ങുകയറ്റത്തിന് വീട്ടുകാർ കൂലി നൽകേണ്ടതില്ല. തേങ്ങയിടാൻ ആളെ കിട്ടാൻ വിഷമിക്കുന്ന നാളികേര ഉത്പാദകർക്ക് കൈത്താങ്ങാകാനും അതിലൂടെ തൊണ്ട് സംഭരണം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് സംസ്ഥാന കയർ വകുപ്പിന്റെ പുതിയ പദ്ധതി. നാളീകേര ഉത്പാദനമേറെയുള്ള പ്രദേശങ്ങളിലാകും നടപ്പാക്കുക.

അടുത്ത വർഷം തുടങ്ങും. ഇതിനായി അടുത്ത ബഡ്ജറ്റിൽ മൂന്ന് കോടി വകയിരുത്തും.തൊണ്ട് സംഭരണം വർദ്ധിപ്പിച്ച് സംസ്ഥാനത്ത് ചകിരി ഉത്പാദനം പ്രതിവർഷം 12 ലക്ഷം ടൺ ആക്കുകയാണ് പദ്ധതി ലക്ഷ്യം. കയറുത്പാദനത്തിന് ആവശ്യമായ ചകിരിയുടെ ലഭ്യത ഉറപ്പാക്കാനാണിത്. കയർ വകുപ്പിന് കീഴിൽ കയർ കോർപ്പറേഷനും കയർ സംഘങ്ങളും തദ്ദേശ സ്ഥാപനങ്ങളുമുൾപ്പെട്ട കൺസോർഷ്യത്തിനാണ് നടത്തിപ്പ് ചുമതല. ശേഖരിക്കുന്ന തൊണ്ട് സംസ്കരിക്കാൻ പഞ്ചായത്തടിസ്ഥാനത്തിൽ ചകിരി ഉത്പാദന കേന്ദ്രങ്ങൾ ആരംഭിക്കും.

നാളീകേര ഉത്പാദനത്തിന്റെ മൂന്നിലൊന്നും വീട്ടാവശ്യങ്ങൾക്കായതിനാൽ തൊണ്ട് സംഭരണം നിലവിൽ ഫലവത്താകുന്നില്ല. പച്ചതൊണ്ട് പൊതിച്ചെടുക്കുന്ന ചകിരിയുടെയത്ര ഗുണം വീട്ടുകാർ പലപ്പോഴായി പൊതിച്ചുകൂട്ടുന്ന തൊണ്ട് സംസ്കരിക്കുമ്പോൾ ലഭിക്കില്ല. അതിനാലാണ് തേങ്ങവെട്ടുമ്പോൾ തന്നെ തൊണ്ട് സംഭരിക്കാനുള്ള പദ്ധതി നടപ്പാക്കുന്നത്.

ഏകീകൃത സംവിധാനം

1. തൊണ്ട് സംഭരണത്തിന് സംസ്ഥാനത്ത് ഒരു ഏകീകൃത സംവിധാനമില്ലാത്തത് പരിഹരിക്കുക കൂടിയാണ് പദ്ധതി ലക്ഷ്യം

2. തേങ്ങയ്ക്കു പുറമേ പച്ചത്തൊണ്ടിനും ന്യായമായ വില ലഭിക്കുകയും തേങ്ങയിടാൻ ആളെ കിട്ടുകയും ചെയ്യുമ്പോൾ കൂടുതൽപേർ നാളീകേര കൃഷിയിലേക്കെത്തുമെന്നും കയർ വകുപ്പ് കണക്കുകൂട്ടുന്നു

നാളീകേര ഉത്പാദനം

(തുക കോടിയിൽ)

2021-22............ 552

2022-23........... 563

2023-24............ 564

ചകിരി ഉത്പാദനം

(പ്രതിവർഷം, അളവ് ക്വിന്റലിൽ)

നിലവിൽ......................................3 ലക്ഷം

ലക്ഷ്യം..........................................12 ലക്ഷം

''കേര കൃഷി, തൊണ്ട് സംഭരണം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം. കർഷകർക്കും കയർ വ്യവസായമേഖലയ്ക്കും പ്രയോജനം ചെയ്യും

-ഡയറക്ടറേറ്റ്, കയർ

വ്യവസായ വകുപ്പ്