സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരുടെ തിരഞ്ഞെടുപ്പ് 5 മുതൽ 7 വരെ
തിരുവനന്തപുരം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി 5 മുതൽ 7 വരെ തീയതികളിൽ നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യ വിദ്യാഭ്യാസകാര്യം എന്നിങ്ങനെ 4 സ്റ്റാൻഡിംഗ് കമ്മിറ്റികളും ജില്ലാ പഞ്ചായത്തിൽ ധനകാര്യം, വികസനം, പൊതുമരാമത്ത്, ആരോഗ്യ വിദ്യാഭ്യാസകാര്യം, ക്ഷേമം എന്നിങ്ങനെ 5 സ്റ്റാൻഡിംഗ് കമ്മിറ്റികളുമാണ് രൂപീകരിക്കേണ്ടത്. മുനിസിപ്പാലിറ്റികളിൽ ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യം, മരാമത്ത്, വിദ്യാഭ്യാസ കലാകായികം എന്നിങ്ങനെ 6 സ്റ്റാൻഡിംഗ് കമ്മിറ്റികളും കോർപ്പറേഷനുകളിൽ ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യം, മരാമത്ത്, നഗരാസൂത്രണം, നികുതി അപ്പീൽ, വിദ്യാഭ്യാസ കായികകാര്യം എന്നിങ്ങനെ 8 സ്റ്റാൻഡിംഗ് കമ്മിറ്റികളുമാണുള്ളത്. സ്റ്റാൻഡിംഗ് കമ്മിറ്റി അംഗ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിക്ക് സ്വയം നാമനിർദ്ദേശം സമർപ്പിക്കാം. നാമനിർദ്ദേശപത്രികയ്ക്ക് പ്രത്യേക ഫോറങ്ങളും നിർണ്ണയിച്ചിട്ടില്ല. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുടെയും തിരഞ്ഞെടുപ്പ് നടത്തുന്നത് അതാത് സ്ഥാപനത്തിലെ വരണാധികാരികളാണ് ജില്ലാ പഞ്ചായത്തുകളിലെയും കോർപ്പറേഷനുകളിലെയും സ്റ്റാൻഡിംഗ് കമ്മറ്റി അംഗങ്ങളുടെയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുടെയും തിരഞ്ഞെടുപ്പിനുള്ള വരണാധികാരിയുടെ ചുമതല എ.ഡി.എമ്മിനാണ്.