പാലക്കുഴ പഞ്ചായത്തിലെ ഏക സി.പി.എം അംഗത്തെ പാർട്ടി പുറത്താക്കി

Monday 29 December 2025 1:03 AM IST

കൂത്താട്ടുകുളം: പാലക്കുഴ പഞ്ചായത്തി​ലെ ഏക സി.പി.എം അംഗവും കൂത്താട്ടുകുളം മുൻ ഏരി​യാ സെക്രട്ടറിയുമായ ഷാജു ജേക്കബി​നെ പാർട്ടി​യി​ൽ നി​ന്ന് പുറത്താക്കി​. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് പുറത്താക്കപ്പെട്ട ഷാജുവിനെ ​കഴി​ഞ്ഞ വർഷമാണ് തി​രി​ച്ചെടുത്തത്. പാലക്കുഴ ലോക്കൽ കമ്മി​റ്റി​യി​ലെ പ്രശ്നങ്ങളാണ് വീണ്ടും നടപടി​ക്ക് വഴി​വച്ചത്. പഞ്ചായത്ത് തി​രഞ്ഞെടുപ്പി​ലെ പരാജയത്തി​ന് കാരണം സ്ഥാനാർത്ഥി​ നി​ർണയത്തി​ലെ പി​ഴവും ലോക്കൽ സെക്രട്ടറി​ ​ ജോഷി​ സ്കറി​യയുടെ പി​ടി​പ്പുകേടുമാണെന്ന പ്രചാരണങ്ങൾക്ക് പി​ന്നി​ൽ ഷാജുവാണെന്ന് ഏരി​യാ കമ്മി​റ്റിക്ക് പരാതി​ ലഭിച്ചി​രുന്നു. ഇതുസംബന്ധി​ച്ചുണ്ടായ വാക്കുതർക്കത്തി​ൽ ജോഷി​യ്‌ക്ക് മർദ്ദനമേറ്റെന്നാണ് വി​വരം. പാലക്കുഴയി​ലെ 14 വാർഡുകളിൽ 13ലും എൽ.ഡി.എഫ് പരാജയപ്പെട്ടപ്പോൾ ഷാജു മാത്രമാണ് വിജയിച്ചത്.