വോട്ട് മാറി ചെയ്തു, വടകര ബ്ലോക്ക് പഞ്ചായത്ത് മെമ്പറുടെ വീടിന് നേരെ ബോംബേറ്
വടകര: വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് മാറ്റി ചെയ്ത ആർ.ജെ.ഡി അംഗത്തിന്റെ വീടിനുനേരെ ബോംബെറിഞ്ഞ് അക്രമം. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ചോമ്പാൽ പുതിയോട്ടുംതാഴെ കുനിയിൽ രജനി തെക്കെതയ്യിലിന്റെ വീടിന് നേരെയാണ് ഇന്നലെ പുലർച്ചെ ഒന്നരയോടെ ബോംബേറുണ്ടായത്. വീടിന്റെ ജനൽപാളികളും അക്രമികൾ തകർത്തു. രാവിലെ വാതിൽ തുറന്നപ്പോൾ കാർപ്പെറ്റിൽ പൊട്ടാത്ത ഒരു സ്റ്റീൽ ബോംബ് കണ്ടെത്തിയതോടെയാണ് വീട്ടുകാർ സംഭവമറിഞ്ഞത്. പുലർച്ചെ വലിയ ശബ്ദം കേട്ടിരുന്നതായി ഇവർ പറഞ്ഞു.
ശനിയാഴ്ച നടന്ന വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ രജനിയുടെ വോട്ട് കോൺഗ്രസിന് ലഭിച്ചതിനെത്തുടർന്ന് കോൺഗ്രസിലെ കോട്ടയിൽ രാധാകൃഷ്ണൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആർ.ജെ.ഡി വോട്ട് മുന്നണിമാറി ചെയ്യപ്പെട്ടത് വലിയ ചർച്ചയായിരുന്നു. പാർട്ടി തീരുമാനം ലംഘിച്ച് വോട്ട് മാറ്റിചെയ്തതിന് ആർ.ജെ.ഡി രജനിയെ സസ്‌പെൻഡ് ചെയ്തിരുന്നു.
വടകര ഡിവൈ.എസ്.പി സനൽകുമാർ, ചോമ്പാൽ സി.ഐ എസ്.സേതുനാഥ് എസ്.ഐ സുനിൽകുമാർ എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി. ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. സമീപത്തെ സി.സി ടി.വി ദൃശ്യം ശേഖരിച്ച പൊലീസ് വീടിന് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
ആക്രമണം നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്ന് കെ.കെ.രമ എം.എൽ.എ ആവശ്യപ്പെട്ടു. വീടിന് പൊലീസ് സംരക്ഷണം വേണമെന്നും എക്സ്‌പ്ലോസീവ് ആക്ട് പ്രകാരം കേസെടുക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. ഉടൻ പ്രതികളെ പിടികൂടണമെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.