മറ്റത്തൂരിൽ ബി.ജെ.പിയിലേക്ക് പോയിട്ടില്ല:വി.ഡി. സതീശൻ
പത്തനംതിട്ട: മറ്റത്തൂരിൽ കോൺഗ്രസ് അംഗങ്ങൾ ബി.ജെ.പിയിലേക്ക് പോയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അടൂർ കടമ്പനാട് മാദ്ധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയിച്ച രണ്ടു വിമതൻമാരിൽ ഒരാളെ പഞ്ചായത്ത് പ്രസിഡന്റാക്കാൻ സി.പി.എം ശ്രമിച്ചപ്പോൾ മറ്റുള്ളവരെല്ലാം ചേർന്ന് മറ്റൊരു വിമതന് പഞ്ചായത്ത് പ്രസിഡന്റാകാനുള്ള പിന്തുണ നൽകി. അത് കോൺഗ്രസ് തീരുമാനത്തിന് വിരുദ്ധമാണ്. അവർ ബി.ജെ.പിയിൽ പോയിട്ടില്ല. പാർട്ടി തീരുമാനത്തിന് വിരുദ്ധമായി പിന്തുണ സ്വീകരിച്ചതുകൊണ്ടാണ് അവർക്കെതിരെ കോൺഗ്രസ് നടപടിയെടുത്തത്. മുഖ്യമന്ത്രിയുടെ ആഗ്രഹം അവർ ബി.ജെ.പിയിൽ പോകണമെന്നാണ്. ബി.ജെ.പിയെ ശക്തിപ്പെടുത്താനാണ് മുഖ്യമന്ത്രി നിൽക്കുന്നത്. അമിത് ഷായും മോദിയും എവിടെ ഒപ്പിട്ടു നൽകാൻ പറഞ്ഞാലും ചെയ്യുന്ന ആളാണ് മുഖ്യമന്ത്രി. ബി.ജെ.പിക്ക് ആളെ കൂട്ടണമെന്നത് മുഖ്യമന്ത്രിയുടെ ആഗ്രഹമാണ്. തോറ്റ് തൊപ്പിയിട്ട് ഇരിക്കുമ്പോഴും പരിഹസിക്കുന്നതിലാണ് മുഖ്യമന്ത്രിക്ക് താൽപര്യമെന്ന് സതീശൻ പറഞ്ഞു.