വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കല്ലും മണ്ണും വിഴുങ്ങി, ഒരു വയസുകാരന് ദാരുണാന്ത്യം
മലപ്പുറം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കല്ലും മണ്ണും വിഴുങ്ങിയ ഒരു വയസുകാരന് ദാരുണാന്ത്യം. ചങ്ങരംകുളം പള്ളിക്കര തെക്കുംമുറി സ്വദേശി മഹറൂഫിന്റെ മകൻ അസ്‌ലം ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി മുറ്റത്തെ മണ്ണും കല്ലും വാരി വായിലേക്ക് ഇടുകയായിരുന്നു. ശ്വാസതടസം നേരിട്ടതിനെ തുടർന്ന് കുട്ടിയുടെ വായിൽ നിന്നും വീട്ടുകാർ കല്ല് നീക്കം ചെയ്യാൻ ശ്രമിച്ചിരുന്നു.
എന്നാൽ ചെറിയ ഒരു കല്ല് തൊണ്ടയിൽ ആഴത്തിൽ കുടുങ്ങിയതിനാൽ പുറത്തെടുക്കാൻ സാധിച്ചില്ല. ഉടൻ തന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മരണം സംഭവിച്ചിരുന്നു. കുഞ്ഞിന്റെ അപ്രതീക്ഷിത വേർപാടിൽ പള്ളിക്കര ഗ്രാമം ഒന്നടങ്കം വിറങ്ങലിച്ചു നിൽക്കുകയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.