'അന്നും ഇന്നും എന്നും ഞാൻ കോൺഗ്രസ് പ്രവർത്തകയായിരിക്കും'; അഗളി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ച് മഞ്ജു

Monday 29 December 2025 11:04 AM IST

പാലക്കാട്: അഗളി പഞ്ചായത്തിൽ കോൺഗ്രസിൽ നിന്ന് കൂറുമാറി സിപിഎം പിന്തുണയോടെ പ്രസിഡന്റായ മഞ്ജു രാജിവച്ചു. എന്നും കോൺഗ്രസ് പ്രവർത്തകയാണെന്നാണ് രാജിക്ക് ശേഷം മഞ്ജു പ്രതികരിച്ചിരിക്കുന്നത്.

'അന്നും ഇന്നും എന്നും ഞാൻ കോൺഗ്രസ് പ്രവ‌ർത്തകയായിരിക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിച്ചപ്പോൾ എൽഡിഎഫ് അംഗങ്ങൾ എനിക്ക് പിന്തുണ നൽകുക മാത്രമാണ് ചെയ്‌തത്. ഒരു കോൺഗ്രസ് പ്രവർത്തക എന്ന നിലയിൽ ഈ പിന്തുണ സ്വീകരിക്കാൻ ഞാൻ താൽപ്പര്യപ്പെടുന്നില്ല. അതിനാൽ ഞാൻ പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കുകയാണ്'- മഞ്ജു പറഞ്ഞു.

തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി വിജയിച്ച മഞ്ജു എൽഡിഎഫിന്റെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിച്ചാണ് വിജയിച്ചത്. മഞ്ജുവിനെതിരെ വലിയ പ്രതിഷേധം ഉയർന്നു. മഞ്ജുവിനെതിരെ കോൺഗ്രസ് ശക്തമായ നടപടി സ്വീകരിക്കാനിരിക്കെയാണ് പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. മഞ്ജുവിന് തിരുത്താൻ ഇന്ന് വൈകിട്ട് വരെ സമയം നൽകുമെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ അറിയിച്ചിരുന്നു.

അഗളി പഞ്ചായത്തിലെ 20-ാം വാർഡായ ചിന്നപ്പറമ്പിൽ നിന്നുള്ള യുഡിഎഫ് അംഗമായ മഞ്ജു കൂറുമാറിയത് വലിയ വിവാദമായിരുന്നു. തനിക്ക് പാർട്ടിയുടെ വിപ്പ് കിട്ടിയില്ല എന്നായിരുന്നു സംഭവത്തിൽ മഞ്ജുവിന്റെ പ്രതികരണം. കക്ഷി രാഷ്‌ട്രീയഭേദമില്ലാതെയാണ് തനിക്ക് വോട്ട് ലഭിച്ചതെന്നും മഞ്ജു പറഞ്ഞിരുന്നു. പിന്നാലെ മഞ്ജുവിനെ അയോഗ്യയാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കൂറുമാറ്റ നിരോധന നിയമപ്രകാരം മഞ്ജുവിനെതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് അറിയിച്ചിരുന്നു.